ഗുരു രവിദാസ് ജയന്തി : വിശാസികള്‍ക്കൊപ്പം നിലത്തിരുന്ന് കീര്‍ത്തനം പാടി മോഡി, ഏറെ പ്രത്യേകത നിറഞ്ഞ നിമിഷങ്ങളെന്ന് ട്വീറ്റ്

ന്യൂഡല്‍ഹി : പതിനഞ്ച്, പതിനാറാം നൂറ്റാണ്ടുകളിലെ ഭക്തി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗുരു രവിദാസിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിലത്തിരുന്ന് കീര്‍ത്തനം പാടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ ഗുരു രവിദാസ് വിശ്രം ധാം മന്ദിരത്തിലെത്തിയാണ് മോഡി പ്രാര്‍ഥന നടത്തിയത്.

വിശ്വാസികള്‍ക്കൊപ്പം നിലത്തിരുന്ന് ഭജന്‍ പാടുന്നതിന്റെ വീഡിയോ ഏറെ പ്രത്യേകത നിറഞ്ഞ നിമിഷങ്ങള്‍ എന്ന കുറിപ്പോടെ മോഡി ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്. ഗുരു രവിദാസിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്നും വിവേചനങ്ങളില്ലാതെ എല്ലാവരെയും ഒരു പോലെ സ്‌നേഹിക്കാനാണ് ഗുരു രവിദാസ് നമ്മെ പഠിപ്പിച്ചതെന്നും സന്ദര്‍ശക പുസ്തകത്തില്‍ മോഡി കുറിച്ചു.

1377 സിഇയില്‍ ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് രവിദാസിന്റെ ജനനം എന്നാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഗുരു ഗ്രന്ഥ സാഹിബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 21ാം നൂറ്റാണ്ടിലെ രവിദാസിയ മതത്തിന്റെ സ്ഥാപകനായിട്ടാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. രവിദാസ് ജയന്തി പ്രമാണിച്ച് ഇന്ന് ഡല്‍ഹിയില്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും ഇന്ന് അടഞ്ഞു കിടക്കും.

Exit mobile version