ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ പഞ്ചാബി നടന്‍ ദീപ് സിദ്ധുവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഡല്‍ഹിയിലെ കെഎംപി ഹൈവേയിലാണ് അപകടം നടന്നത്.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തില്‍ മുഖ്യപങ്ക് ആരോപിച്ച് ദീപുവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെ സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് സിഖ് പതാക ഉയര്‍ത്തിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്.
ഒളിവിലിരുന്ന് വിദേശത്തുളള വനിതാ സുഹൃത്ത് വഴി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന് അറസ്റ്റ് ചെയ്തത്.
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കര്‍ഷക നേതാക്കള്‍ ശക്തമായി അന്ന് ഉന്നയിച്ചു.
2015-ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദു സിനിമാരംഗത്തേക്ക് എത്തുന്നത്. നടനാണ്, ഒപ്പം സാമൂഹ്യപ്രവര്‍ത്തകനുമാണ് സിദ്ദു. 1984-ല്‍ പഞ്ചാബിലെ മുക്ത്‌സാര്‍ ജില്ലയിലാണ് ജനിച്ചത്.
സണ്ണി ഡിയോളിന്റെ അടുത്ത അനുയായി ആയിരുന്നു ദീപ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സണ്ണിയുടെ ഒപ്പമുണ്ടായിരുന്നു മുഴുവന്‍ സമയവും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ചെങ്കോട്ടയിലെ കൊടിയുയര്‍ത്തല്‍ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ, സിദ്ദുവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
”ഞങ്ങളുടെ സമരരീതിയായിരുന്നില്ല തുടക്കം മുതലേ അവര്‍ക്ക്”, എന്നാണ് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് വ്യക്തമാക്കിയത്. ശംഭു അതിര്‍ത്തിയിലുള്ള സമരത്തിലാണ് ദീപ് സിദ്ദു എത്താറുള്ളത്. അവിടെ ആദ്യം മുതല്‍ക്കേ സിദ്ദുവിന്റെ സമരരീതിയുമായി ഞങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നും യാദവ് പറഞ്ഞിരുന്നു. 41 കര്‍ഷകസംഘടനകളുടെ സംയുക്ത കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയും ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടെടുക്കുന്നു.