‘എന്റെ ജീവിതത്തിന്റെ സന്തോഷം അമ്മ’: അമ്മയെ കുറിച്ച് ഹൃദയം കവരുന്ന കുറിപ്പ് പങ്കുവച്ച് ബാന്‍സുരി സ്വരാജ്

പ്രിയപ്പെട്ടവര്‍ അടുത്തുള്ളപ്പോള്‍ ഓര്‍മ്മകള്‍ക്ക് വേണ്ടി പരതേണ്ടതില്ല. എന്നാല്‍ വിരഹത്തിന്റെ നാളുകളില്‍ ഓര്‍മ്മകള്‍ ഇരട്ടി ശക്തിയോടെ കടന്നാക്രമിക്കും. സന്തോഷത്തിന്റെ നിമിഷങ്ങള്‍ അപ്പോള്‍ ദുഃഖഭരിതമായി മാറും.

ചിലരങ്ങനെയാണ്, മരണം കവര്‍ന്നാലും ജനലക്ഷങ്ങള്‍ എന്നും ഹൃദയത്തിലേറ്റും.
മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് ഇന്നും ബന്ധുക്കളുടെയും ആരാധകരുടെയും ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസ്സിലെ ഒളിമങ്ങാത്ത നക്ഷത്രമാണ്. ഇന്നും അവര്‍ ലോകത്തുനിന്നും വിടപറഞ്ഞെന്ന് വിശ്വസിക്കാനാവാത്ത ഒട്ടവധി പേരുണ്ട്.

അതേസമയം, അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മകള്‍ ബാന്‍സുരി അമ്മയെ കുറിച്ചുള്ള ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. അമ്മയ്ക്കൊപ്പമുള്ള ഒരു ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബാന്‍സുരി അമ്മയെ കുറിച്ച് ഹൃദയഭേദകമായ വാക്കുകള്‍ കുറിച്ചിരിക്കുന്നത്. വാലന്റൈന്‍സ് ദിനം കൂടിയായ ഫെബ്രുവരി 14നാണ് സുഷമ ജനിച്ചത്.

സന്തോഷ ജന്മദിനം അമ്മയ്ക്ക്. എന്റെ ജീവിതത്തിന്റെ സന്തോഷം അമ്മയാണ് എന്ന വരികളാണ് മകള്‍ ബാന്‍സുരി കുറിച്ചത്. കൊച്ചു ബാന്‍സുരി അമ്മയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2019 ഓഗസ്റ്റ് ആറിന് രാത്രിയാണ് ദീര്‍ഘകാലത്തെ അസുഖങ്ങളെത്തുടര്‍ന്ന് സുഷമ സ്വരാജ് മരിക്കുന്നത്.

ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു 7 തവണ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുഷമ. 1977ല്‍ ഹരിയാന മന്ത്രിസഭയില്‍ അംഗമാകുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോര്‍ഡും അവര്‍ നേടി. 2014 മുതല്‍ 19 വരെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായും അവര്‍ സേവനം അനുഷ്ഠിച്ചു. രാജ്യത്തെ ആദ്യത്തെ വനിതാ വിദേശമന്ത്രി കൂടിയായിരുന്നു സുഷമ.


ബിജെപിയുടെ തീപ്പൊരി നേതാവായിരുന്ന അവരുടെ പ്രസംഗങ്ങള്‍ ആരാധകരെ ഇളക്കി മറിക്കുമായിരുന്നു. എതിരാളികളെ കടന്നാക്രമിച്ചും പാര്‍ട്ടിയുടെ കീര്‍ത്തിയും പാരമ്പര്യവും എടുത്തുപറഞ്ഞും സുഷമ കത്തിക്കയറുമ്പോള്‍ എതിരാളികള്‍ പോലും നിശ്ശബ്ദമാകുമായിരുന്നു. പാര്‍ലമെന്റിലും പാര്‍ട്ടിയെ പ്രതിരോധിക്കുന്ന മുന്‍നിര പോരാളിയായി അവര്‍ നിലകൊണ്ടു. ഔദ്യോഗിക സ്ഥാനത്ത് എത്തിയപ്പോഴൊക്കെ കഴിവുറ്റ വ്യക്തി എന്ന അംഗീകാരം നേടാനും അവര്‍ക്കായി.

വിദേശ കാര്യ മന്ത്രിയായിരുന്നപ്പോള്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിയായി മാറി. വീസ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഒറ്റ സന്ദേശം കൊണ്ട് പരിഹരിക്കാന്‍ അവര്‍ മുന്‍കയ്യെടുത്തു. എല്ലാ വിഭാഗക്കാരും മന്ത്രിയുടെ സേവനങ്ങള്‍ എടുത്തുപറഞ്ഞു. രാജ്യത്തിന്റെ അനൗദ്യോഗിക അംബാസഡര്‍ പോലെയായിരുന്നു സുഷമയുടെ പ്രവര്‍ത്തനം.

Exit mobile version