നാഗർകോവിൽ: തമിഴ്നാട് പോലീസിലെ കൈക്കൂലിക്കാരിയായ ഉദ്യോഗസ്ഥയെ പൂട്ടിയിരിക്കുകയാണ് വിജിലൻസ്. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ പോലീസ് ഇൻസ്പെക്ടറായ കൺമണിയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത വരുമാനത്തിന്റെ തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്. കൺമണിയുടെയും സുഹൃത്തിന്റെയും വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തുകയായിരുന്നു.
കണ്മണി ആറ് മാസങ്ങൾക്ക് മുൻപ് വരെ എസ്പി ഓഫീസിൽ ഇൻസ്പെക്ടറായിരുന്നു. ഇവർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കന്യാകുമാരി വിജിലൻസ് ഡിവൈഎസ്പി പീറ്റർ പോളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
നാഗർകോവിൽ മഹിള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്നു കൺമണി. നാഗർകോവിൽ ബാലസുബ്രഹ്മണ്യൻ റോഡിലുള്ള വാടക വീട്ടിലാണ് കണ്മണി താമസിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ ആറിന് ആരംഭിച്ച പരിശോധന ഇന്നലെ രാവിലെ നാലമണിയോടെയാണ് അവസാനിച്ചത്. 22 മണിക്കൂർ നീണ്ട പരിശോധനയിൽ വരുമാനത്തിനേക്കാൾ 171.78 ശതമാനം അധികം സമ്പാദിച്ചതായുള്ള രേഖകൾ, 91 പവന്റെ സ്വർണാഭരണങ്ങൾ, ഒരു കോടി രൂപയുടെ ഡെപ്പോസിറ്റ് പത്രങ്ങൾ, 7.34 ലക്ഷം രൂപയുംടെ കറൻസി തുടങ്ങിയവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഇവരുടെ വീട്ടിലെ റെയ്ഡിന് പുറമെ ബ്യൂട്ടി പാർലർ നടത്തുന്ന ഇവരുടെ സുഹൃത്ത് അമുതയുടെ നാഗർകോവിൽ മീനാക്ഷിപുരം ഗാർഡനിലുള്ള വീട്ടിലും, വിജിലൻസ് ഇൻസ്പെക്ടർ രമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ നിന്ന് 23,95,000 രൂപ കടം കൊടുത്തതിന്റെ പത്രങ്ങളും കണ്ടെടുത്തു.
വിജിലൻസ് ഉദ്യോഗസ്ഥർ കണ്മണിയുടെ പേരിലും ഭർത്താവ് സേവിയർ പാണ്ഡിയന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. പിടികൂടിയ രേഖകൾ ചെന്നൈ വിജിലൻസ് ഓഫീസിൽ അയച്ചു കൊടുത്തെന്നും കണ്മണിയെ ഉടൻ സസ്പെൻഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post