ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്യാമറ ഭ്രമത്തെ പരിഹസിച്ചും, രാജ്യത്തെ പ്രധാന വിഷയങ്ങളിലെ അശ്രദ്ധയെ കുറ്റപ്പെടുത്തിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോഡി ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് അവസാനിപ്പിച്ച് മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളുടെ ജീവന് രക്ഷിക്കാനുള്ള ശ്രമം നടത്തണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്.
മേഘാലയയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാനായി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റെസ്ക്യൂ ഓപ്പറേഷന് വേണ്ടി സര്‍ക്കാര്‍ ഹൈ പ്രഷര്‍ പമ്പുകള്‍ എത്തിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇതിന് പിന്നാലെയായിരുന്നു മോഡിയെ കുറ്റപ്പെടുത്തി രാഹുല്‍ രംഗത്തെത്തിയത്.
”രണ്ടാഴ്ചയായി ജീവന് വേണ്ടി 15 ഖനി തൊഴിലാളികള്‍ പൊരുതുകയാണ്. എന്നാല്‍ മോദിയോ, ബോഗിബീലിന് മുകളില്‍ ക്യാമറയ്ക്ക് പോസ് ചെയ്ത് കളിക്കുന്നു. റെസ്ക്യൂ ഓപ്പറേഷന് കേന്ദ്രസഹായം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പ്രധാനമന്ത്രി അവരുടെ ജീവന് രക്ഷിക്കാനുള്ള നടപടി കൈക്കൊള്ളണം”- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.കഴിഞ്ഞ 13 നാണ് കിഴക്കന്‍ മേഘാലയയിലെ ലുംതാരി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ അകപ്പെട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ ലോങ്റോഡ് ബ്രിഡ്ജായ ആസാമിലെ ബോഗിബീല്‍ പാലം ഉദ്ഘാടനം ചെയ്യവേ മുമ്പില്‍ നീങ്ങുന്ന ട്രോളി ക്യാമറയ്ക്കുവേണ്ടി കൈവീശി നടന്നുനീങ്ങുന്ന മോഡിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ കോലാഹലമാണ് സൃഷ്ടിക്കുന്നത്.
മോഡി ട്രെയിനിലുള്ളവര്‍ക്കുനേരെ കൈവീശുന്നതായുള്ള ദൃശ്യങ്ങളാണ് ക്യാമറയില്‍ ചിത്രീകരിക്കുന്നത്. വീഡിയോയുടെ ഫ്രെയിമില്‍ ക്യാമറയുടെയും ട്രോളിയുടെയും ചിത്രീകരിക്കുന്നയാളുടെയും നിഴല്‍ പതിഞ്ഞത് സോഷ്യല്‍മീഡിയയുടെ പരിഹാസത്തിന് കാരണമായിരുന്നു. ഇത്തരത്തില്‍ സ്വയം മാര്‍ക്കറ്റ് ചെയ്യുന്ന മോഡി ഇന്ത്യയിലെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെന്ന വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്.
ആവശ്യമായ ഉപകരണങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ തൊഴിലാളികളെ രക്ഷപ്പെടുത്താനാവുമെന്നും എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങള്‍ ലഭിച്ചില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post