മുംബൈ : വാട്സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ ശിവാജി നഗര്‍ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48) ആണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 10നായിരുന്നു സംഭവം.ലീലാവതിയുടെ മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ പതിനേഴുകാരിയുമായുള്ള പ്രശ്നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്. പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ വീട്ടിലേക്ക് എത്തി. ഇവിടെ വച്ചുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുള്ള കയ്യേറ്റത്തിലും ലീലാവതിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മര്‍ദനമേറ്റതാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് അയല്‍ക്കാരിയായ പതിനേഴുകാരിക്കും ഇവരുടെ അമ്മയ്ക്കും സഹോദരനും എതിരെ കേസെടുത്തിട്ടുണ്ട്. പതിനേഴുകാരിയെ കറക്ഷന് ഹോമില്‍ അയച്ചതായാണ് റിപ്പോര്‍ട്ട്.
Discussion about this post