“സ്ത്രീകള്‍ അവരുടെ സൗന്ദര്യം മറയ്ക്കണം, പീഡനമുണ്ടാകുന്നത് സ്ത്രീകള്‍ ഹിജാബ് ഇടാത്തതു കൊണ്ട്‌ ” : കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ്

ബംഗളൂരു : ഇന്ത്യയില്‍ പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതുകൊണ്ടാണെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ്. ഹുബ്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു എംഎല്‍എയുടെ പ്രസ്താവന.

“ഹിജാബ് എന്നാല്‍ ഇസ്ലാമില്‍ പര്‍ദ്ദ എന്നാണ് അര്‍ഥം. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരുടെ സൗന്ദര്യം മറയ്ക്കാനാണ് അതിടുന്നത്. സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് പീഡനങ്ങള്‍ ഇത്രയധികം വര്‍ധിക്കുന്നത്. ഹിജാബ് ധരിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നില്ല. പക്ഷേ സ്വയം സുരക്ഷയൊരുക്കണം എന്ന് വിശ്വസിക്കുന്നവരും തന്റെ സൗന്ദര്യം ആരും കാണരുതെന്ന് ആഗ്രഹിക്കുന്നവരും അത് ധരിക്കും. കുറേ വര്‍ഷങ്ങളായി ഇങ്ങനെയാണ് കാര്യങ്ങള്‍.” അഹമ്മദ് പറഞ്ഞു.

Also read : കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു : യുപി കേരളം പോലെയാക്കരുതെന്ന് ആവര്‍ത്തിച്ച് യോഗി

കര്‍ണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് ഉടലെടുത്ത ഹിജാബ് വിവാദം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഉഡുപ്പിയിലെ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ക്യാംപസില്‍ നിന്ന് വിലക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഘര്‍ഷങ്ങള്‍ പതിവായതോടെ കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

Exit mobile version