ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിനെ കേരളം പോലെ ആക്കരുതെന്ന വിവാദ പ്രസ്താവ ആവര്‍ത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന കേരളവും ബംഗാളും പോലയാകാതിരിക്കാന് താന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണെന്നും ഈ രണ്ട് സംസ്ഥാനങ്ങളിലുമുള്ള അരാജകത്വം യുപിയില്‍ ഇല്ലാതാക്കാന്‍ ബിജെപി തിരിച്ചെത്തിയേ തീരു എന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു.
“ബംഗാളില്‍ നിന്ന് എത്തിയവര്‍ യുപിയില്‍ അരാജകത്വം പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അവര്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വവും ബഹുമാനവും തടസ്സപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ജനങ്ങളെ ഇക്കാര്യം അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. യുപിയില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് എത്ര സമാധാനപരമായാണ് നടന്നത്. ബംഗാളിലും കേരളത്തിലും ഇതാണോ അവസ്ഥ ? രണ്ട് സംസ്ഥാനങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ എത്ര പേരാണ് മരിക്കുന്നത്. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കം. കലാപകാരികള്‍ ഭീഷണി മുഴക്കുകയാണ്. യുപി കേരളം പോലെയാകാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം.” യോഗി പറഞ്ഞു.
#WATCH: Uttar Pradesh CM Yogi Adityanath's interview with ANI https://t.co/cp3gsy3lat
— ANI (@ANI) February 14, 2022
ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവര്ക്കും സുരക്ഷിതത്വവും സമൃദ്ധിയും നല്‍കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഒരു തരത്തിലുള്ള കലാപവും നടന്നിട്ടില്ലെന്നും യോഗി അവകാശപ്പെട്ടു.
“അഞ്ച് വർഷത്തിനുള്ളിൽ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് തടസ്സം നേരിട്ടോ? ഹിന്ദുക്കളും മുസ്ലിംകളും അവരുടെ ഉത്സവങ്ങള്‍ സമാധാനപരമായി ആഘോഷിച്ചു. ഹിന്ദുക്കൾ സമാധാനത്തോടെയിരിക്കുമ്പോൾ അവരും (മുസ്ലിംകളും) സമാധാനത്തിലാണ്. ഹിന്ദുക്കൾ സുരക്ഷിതരാണ്, അതിനാൽ മുസ്ലിംകളും. ഞങ്ങൾ എല്ലാവർക്കും സുരക്ഷിതത്വം നൽകുന്നു, എല്ലാവർക്കും അഭിവൃദ്ധി നൽകുന്നു, എല്ലാവരെയും ബഹുമാനിക്കുന്നു, എന്നാൽ ആരെയും പ്രീണിപ്പിക്കുന്നില്ല”- യോഗി പറഞ്ഞു.
യുപി കേരളം പോലെയാകാതിരിക്കാന്‍ ബിജെപിക്ക് ജനങ്ങള്‍ വോട്ട് ചെയ്യണം എന്ന പ്രസ്താവന ആദ്യ ഘട്ട പോളിങ്ങിന് മുന്നോടിയായാണ് യോഗി ജനങ്ങളോട് മുന്നറിയിപ്പെന്ന രീതിയില്‍ പറഞ്ഞത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ യോഗിക്ക് മറുപടിയുമായി രംഗത്തെത്തി.
യോഗി ഭയപ്പെടുന്ന പോലെ യുപി കേരളം ആവുകയാണെങ്കില്‍ ആളുകള്‍ മതത്തിന്റെ പേരില്‍ കൊല്ലപ്പെടില്ലെന്നും ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും പിണറായി വിജയന് ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് കേരളം പോലെ ആയിക്കാണാന് യുപിയിലെ ജനങ്ങള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നായിരുന്നു ശശി തരൂര്‍ എംപിയുടെ ട്വീറ്റ്.
Discussion about this post