സമ്പന്നരുടെ വീട്ടിൽ മോഷണം നടത്തി പള്ളികളിലെ യാചകർക്ക് സംഭാവന നൽകും; സദാ ബൈബിളുമായി കറക്കം; ഇന്ത്യൻ ‘റോബിൻ ഹുഡ്’ പോലീസ് പിടിയിലായി

ബംഗളൂരു: മോഷണം നടത്തി പാവങ്ങളെ സഹായിക്കുന്ന ഇന്ത്യൻ ‘റോബിൻഹുഡ്’ ജോൺ മെൽവിൻ (46) പിടിയിൽ. വളരെ വ്യത്യസ്തനായ ഈ മോഷ്ടാവിനെ ബംഗളൂരു പോലീസാണ് പിടികൂടിയത്. മോഷണത്തിനുശേഷം വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികൾക്ക് സമീപമുള്ള യാചകർക്ക് പണ വിതരണം നടത്തലും കൈയിൽ എപ്പോഴും ബൈബിൾ കരുതിയുമാണ് ഈ കള്ളൻ വ്യത്യസ്തനായത്.

ഒടുവിൽ ഈയടുത്ത് വിജയനഗറിലെ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് ജോൺ മെൽവിനെ പിടികൂടിയത്.

പണക്കാരുടെ വീട്ടിൽനിന്ന് മോഷണം നടത്തി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന ‘റോബിൻഹുഡ്’ ശൈലിയാണ് ഇയാളുടേത്. 1994-ലായിരുന്നു ആദ്യ മോഷണം. തുടർന്ന് നടത്തിയ മോഷണങ്ങൾക്കിടയിൽ ഒരിക്കൽപോലും പിടിക്കപ്പെട്ടില്ല. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകളിൽമാത്രമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. പോലീസുകാരുടെ വീടുകളിലും കയറിയിട്ടുണ്ടെങ്കിലും വീട് പോലീസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ സാധനങ്ങൾ തിരികെവെച്ചിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകി.

ALSO READ- ഇരട്ടക്കുട്ടികളെ ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി

ജാലഹള്ളിക്ക് സമീപത്ത് ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അൻപതോളം മോഷണങ്ങളിൽ ജോൺ മെൽവിന് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

അതേസമയം, മോഷണത്തിനിടെ വീട്ടിലെ എല്ലാ വസ്തുക്കളും ഇയാൾ മോഷ്ടിക്കാറില്ല. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമെടുക്കുന്നതായിരുന്നു പതിവ്. മോഷ്ടിക്കപ്പെട്ടവയിൽ കള്ളപ്പണവും ഉണ്ടായിരുന്നതിനാൽ ചിലയിടങ്ങളിൽനിന്ന് പരാതികളുമുണ്ടായിരുന്നില്ല.

ALSO READ- ചാലിയത്ത് യുവതി ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം;ആത്മഹത്യാ കുറിപ്പിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ

ഒരു ഭാഗം പാവപ്പെട്ടവർക്കുവേണ്ടി മാറ്റിവെച്ചതിനുശേഷം ബാക്കിയുള്ള തുക സ്പാകളിൽനിന്ന് മസാജ് ചെയ്യാനും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. കൈവശമുള്ള തുക തീരുന്നതിനനുസരിച്ച് വീണ്ടും മോഷണത്തിന് ഇറങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്.

Exit mobile version