ന്യൂഡല്‍ഹി : പ്രമുഖ വാഹനിര്‍മാതാക്കളായ ബജാജ് മോട്ടോഴ്‌സിന്റെ മുന്‍ ചെയര്‍മാനും വ്യവസായിയുമായിരുന്ന രാഹുല്‍ ബജാജ്(83) അന്തരിച്ചു. ന്യൂമോണിയയ്ക്കും ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കും ഏറെ നാളായി ചികിത്സയിലായിരുന്നു.സംസ്‌കാരം ഞായറാഴ്ച നടത്തുമെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
1972ല്‍ ആണ് അദ്ദേഹം ബജാജ് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ബജാജിനെ പ്രധാന സാന്നിധ്യമാക്കുന്നതില്‍ രാഹുല്‍ ബജാജ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രാഹുലിന്റെ മുത്തച്ഛൻ ജമ്നലാൽ ബജാജ് ആണ് 1962ൽ കമ്പനി സ്ഥാപിച്ചത്. ഗാന്ധിജിയുമായി വളരെ അടുപ്പമുണ്ടായിരുന്ന ജമ്‌നാലാല്‍ സമ്മാനിച്ച സ്ഥലത്താണ് വര്‍ധയില്‍ ഗാന്ധി ആശ്രമം.
നെഹ്‌റു കുടുംബവുമായും ബജാജിന് അടുപ്പമുണ്ടായിരുന്നു. രാഹുലിന്റെ അച്ഛന്‍ കമല്‍നയനും ഇന്ദിരാഗാന്ധിയും സ്‌കൂളില്‍ ഒരുമിച്ചുണ്ടായിരുന്നു. കമല്‍നയന്റെ മകന് രാഹുല്‍ എന്ന് പേരിട്ടതും നെഹ്‌റുവാണ്. ജമ്‌നാലാലിന്റെ മരണത്തോടെ കമല്‍നയനും കമല്‍നയന്റെ മരണത്തോടെ രാഹുലും ബജാജിന്റെ തിരക്കുകളിലേക്ക് ഇഴുകിച്ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ബജാജില്‍ നിന്ന് വിരമിച്ചിട്ടും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ ബജാജിന്റെ കൃത്യമായ മേല്‍നോട്ടമുണ്ടായിരുന്നു.
1986ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുള്ള അദ്ദേഹത്തെ 2001ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു.