“മോഡിയ്ക്കായി ഹെലിപ്പാട് നിര്‍മിച്ചത് 24 മണിക്കൂറില്‍, 20 വര്‍ഷമായിട്ടും സ്ഥലത്ത് ബസ് സ്‌റ്റോപ്പില്ല” : കേജരിവാള്‍

പനജി : ഗോവയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ബിജെപിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. മോഡിയ്ക്കായി 24 മണിക്കൂറില്‍ ഹെലിപ്പാഡ് നിര്‍മിച്ച ഗോവ സര്‍ക്കാര്‍ പക്ഷേ ഇതേ സ്ഥലത്ത് ബസ്‌റ്റോപ്പ് നിര്‍മിക്കാന്‍ മറന്നുവെന്നും കഴിഞ്ഞ ഇരുപത് കൊല്ലമായി പ്രദേശത്ത് ഒരു ബസ്റ്റോപ്പില്ലെന്നും കേജരിവാള്‍ ആരോപിച്ചു.

“വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്തെത്തുന്നതിന് മുന്നോടിയായി ഗോവ സര്‍ക്കാര്‍ 24 മണിക്കൂറിലാണ് ഹെലിപ്പാഡ് നിര്‍മിച്ചത്. ഞങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയല്ല. പക്ഷേ അതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടണമല്ലോ. ഹെലിപ്പാഡ് നിര്‍മിച്ച ഇതേ സ്ഥലത്ത് ഒരു ബസ് സ്റ്റോപ്പ് ഉണ്ടാവേണ്ടതായിരുന്നു. പക്ഷേ കഴിഞ്ഞ ഇരുപത് വര്‍ഷമായി അതിന്റെ പണി ആരംഭിച്ചിട്ടില്ല. സര്‍ക്കാരിന് അതിന് കഴിയാഞ്ഞിട്ടല്ല, വേണ്ടാ എന്ന് വച്ചിട്ടാണ്.” കേജരിവാള്‍ പറഞ്ഞു.

ഇതുകൂടാതെ ബിജെപി സര്‍ക്കാര്‍ വികസനത്തിനെതിരാണെന്ന് അഭിപ്രായപ്പെട്ട കേജരിവാള്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്തെ നശിപ്പിച്ചെന്നും അതുകൊണ്ട് തന്നെ വരുന്ന ഇലക്ഷന്‍ സുപ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. “കോണ്‍ഗ്രസിന് ഗോവയിലെ ജനങ്ങള്‍ 27 വര്‍ഷം നല്‍കി. ബിജെപി പതിനഞ്ച് വര്‍ഷം ഗോവ ഭരിച്ചു. എന്നിട്ടും കാര്യമായ ഗുണമൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, ഇരു കൂട്ടരും നാട് കൊള്ളയടിക്കുകയും ചെയ്തു.”

Also read : റഷ്യ ഡിഎന്‍എ ചോര്‍ത്തുമെന്ന് പേടി : കോവിഡ് ടെസ്റ്റിന് വിസമ്മതിച്ച് മക്രോണ്‍, അകത്തിയിരുത്തി പുടിന്‍

“ഗോവയിലെ റോഡുകളുടെ സ്ഥിതി വളരെ പരിതാപകരമാണ്, കുടിവെള്ളക്ഷാമം രൂക്ഷമായ സംസ്ഥാനത്തെ ആരോഗ്യമേഖലയും താറുമാറാണ്. രണ്ട് പാര്‍ട്ടികളും ഇതിനൊന്നും തന്നെ അടുത്ത അഞ്ച് വര്‍ഷത്തില്‍ പരിഹാരം കാണില്ല എന്നുറപ്പ് പറയാം. കൊള്ളയടി മാത്രമാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ വരുന്ന ഇലക്ഷന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നാടിന് മാറാനുള്ള അവസരമായി ഇതിനെ കണക്കാക്കണം.” കേജരിവാള്‍ പറഞ്ഞു. ഫെബ്രുവരി 14നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്. 40 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

Exit mobile version