ഹൈദരാബാദ്: ബസിൽ യാത്രചെയ്യുന്നരാണ് നമ്മൾ എല്ലാവരും. ബസിൽ യാത്രചെയ്യുന്നതിന് ടിക്കറ്റും എടുക്കാറുണ്ട്. എന്നാൽ പൂവൻകോഴിയുമായി യാത്ര ചെയ്ത യാത്രക്കാരന് കോഴിക്ക് അടക്കം ഫുൾ ടിക്കറ്റ് മുറിച്ച് നൽകിയിരിക്കുകയാണ് കണ്ടക്ടർ. ഈ സംഭംവം നടക്കുന്നത് തെലങ്കാനയിലാണ്.
തെലങ്കാനയിലെ പെടാപ്പള്ളിയിൽ നിന്നും കരിംനഗറിലേക്ക് യാത്ര ചെയ്ത മുഹമ്മദ് അലി എന്ന യാത്രക്കാരനായിരുന്നു ഈ അനുഭവം. തെലങ്കാന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിലാണ് ഇയാളും പൂവൻകോഴിയും സഞ്ചരിച്ചത്. സാധാരണ എന്തെങ്കിലും കൂടുതൽ വാങ്ങി ഇത്തരം യാത്രകൾ ബസിൽ അനുവദിക്കാറുണ്ട്. എന്നാൽ കോഴിക്കും ഫുൾ ടിക്കറ്റ് വേണം എന്ന നിർബന്ധത്തിലായിരുന്നു കണ്ടക്ടർ.
ജീവനുള്ള എന്തും ബസിൽ സഞ്ചരിച്ചാൽ ടിക്കറ്റ് എടുക്കണം, അത് മനുഷ്യനായാലും മൃഗമായാലും. വിദേശ രാജ്യങ്ങളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് തെറ്റാണെന്നും കണ്ടക്ടർ പറഞ്ഞുവെന്ന് മുഹമ്മദ് അലി പറയുന്നു.
മുഹമ്മദ് അലി തുണിയിൽ പൊതിഞ്ഞാണ് കോഴിയെ ഒപ്പം കൂട്ടിയത്. ആദ്യം മുഹമ്മദ് അലിക്ക് ടിക്കറ്റ് മുറിച്ചപ്പോൾ കണ്ടക്ടർ കോഴിയെ ശ്രദ്ധിച്ചില്ല. പിന്നീട് ഇത് കോഴിയാണെന്ന് മനസിലായപ്പോൾ വന്ന് 30 രൂപ ടിക്കറ്റ് മുറിച്ചു നൽകുകയായിരുന്നു. ആദ്യം ടിക്കറ്റ് എടുക്കാൻ മുഹമ്മദ് അലി വിസമ്മതിച്ചെങ്കിലും തർക്കാത്തിനൊടുവിൽ ടിക്കറ്റ് മുറിക്കുകയായിരുന്നു.