ശ്രീരംഗപട്ടണം: ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണാടകയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നത്. കെആർഎസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണ് പിടിയിലായത്. മരിച്ച യുവതിയുടെ ഭർത്താവുമായുള്ള സ്‌നേഹ ബന്ധം തകർന്നതിന്റെ പ്രതികാരമാണ് ഇവരെ ക്രൂര കൃത്യത്തിലേയ്ക്ക് നയിച്ചത്.
കെആർഎസ് ബസാർ ലൈനിൽ താമസിക്കുന്ന മുപ്പതുകാരിയായ ലക്ഷ്മി, മക്കളായ പത്തുവയസുകാരൻ രാജു, ഏഴും നാലും വയസുള്ള കോമൾ, കുനാൽ ലക്ഷ്മിയുടെ സഹോദരൻ ഗണേശിന്റെ മകൻ എട്ടുവയസുകാരൻ ഗോവിന്ദ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊലചെയ്ത ബെലവട്ട ലക്ഷ്മി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി പ്രതി വർഷങ്ങളായി അടുപ്പത്തിലായിരുന്നു.
വീടുകളിൽ കയറിയിറങ്ങി തുണിത്തരങ്ങൾ വിൽക്കുന്ന ജോലിയാണ് ഗംഗാറാമിന്. അടുത്തിടെ ഇവരുമായുള്ള ബന്ധത്തിൽ നിന്ന് ഗാംഗാറാം പിൻവാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയായ യുവതിയും ഗംഗാറാമും തമ്മിൽ തർക്കമുണ്ടായി. തന്നെ ഇനി ശല്യപ്പെടുത്താൻ വരരുതെന്ന് ഇയാൾ തീർത്ത് പറഞ്ഞതോടെയാണ് ഭാര്യയേയും കുട്ടികളേയും വകവരുത്താൻ ബെലവട്ട ലക്ഷ്മി തീരുമാനിച്ചത്.
ഇതിനായി ശനിയാഴ്ച ഗംഗാറാമിന്റെ വീട്ടിൽ വെട്ടുകത്തിയുമായി യുവതി എത്തി. ശേഷം കുളിമുറിയിൽ ഒളിപ്പിച്ചു. കുട്ടികളുമായി ഏറെ നേരം കളിച്ചതിന് ശേഷം ഇവിടെ നിന്ന് ഭക്ഷണവും കഴിച്ചു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ യുവതി കുളിമുറിയിൽ നിന്ന് വെട്ടുകത്തിയുമായി വന്ന് ലക്ഷ്മിയെ വെട്ടുകയായിരുന്നു. നിലവിളിച്ച ലക്ഷ്മിയെ തുടരെ വെട്ടി അരിശം തീർത്തു.
തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ഇതിനിടെ സഹോദരന്റെ മകൻ ഗോവിന്ദ ഉണർന്ന് നിലവിളിച്ചതോടെ അവനേയും വെട്ടി. നിലവിളി കേട്ട് ലക്ഷ്മിയുടെ 3 കുട്ടികൾ കൂടി ഉണർന്നതോടെ അവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് പുലർച്ചെ 4 വരെ മൃതദേഹങ്ങൾക്ക് കാവലിരുന്ന ബേലവട്ട ലക്ഷ്മി പിന്നീട് കുളിച്ച ശേഷം ചോരപുരണ്ട വസ്ത്രങ്ങൾ ബാഗിലാക്കി കെആർഎസ് അരളിമര ബസ് സ്റ്റാൻഡിലെത്തി. ബസിൽ മേട്ടഗള്ളിയിലേക്ക് പോയ ഇവർ വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലിൽ ഉപേക്ഷിച്ചു.
തിരിച്ച് ബസാർ ലൈനിൽ തിരിച്ചെത്തിയ ബെലവട്ട ലക്ഷ്മി കൊലപാതക വാർത്ത കേട്ടതോടെ ഒന്നുമറിയാത്ത പോലെ മറ്റു ബന്ധുക്കൾക്കൊപ്പം കരഞ്ഞ് അഭിനയിക്കുകയും ചെയ്തു. മരിച്ച ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം മൈസൂരുവിൽ വസ്ത്ര വിൽപനയ്ക്കായി പോയതായിരുന്നു. ബേലവട്ട ലക്ഷ്മി ശനിയാഴ്ച ഇവരുടെ വീട്ടിലെത്തിയതായി അയൽവാസികൾ മൊഴി നൽകി. ഇതോടെയാണ് ഇവർ ചെയ്ത ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.
Discussion about this post