ഭോപ്പാല്‍: കോവിഡ് പ്രതിരോധമരുന്നുമായെത്തിയ വിമാനം അപകടത്തില്‍പ്പെട്ടതിന്
പൈലറ്റ് 85 കോടി അടയ്ക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ വച്ച് ക്യാപ്റ്റന്‍ മജീദ് അക്തര്‍ പറത്തിയിരുന്ന വിമാനം അപകടത്തില്‍ പെട്ട് തകര്‍ന്നിരുന്നു.
വിമാനത്തിന്റെ വിലയും മറ്റു നാശനഷ്ടങ്ങളും അനുബന്ധ ചിലവും ചേര്‍ത്താണ് ഇത്ര വലിയ തുക സര്‍ക്കാരിലേക്ക് അടക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മധ്യപ്രദേശ് സര്‍ക്കാരിന് വേണ്ടി ജീവന് രക്ഷാ മരുന്നുകള്‍ കോവിഡ് രോഗികള്‍ക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ക്യാപ്റ്റന്‍ മജീദ് അക്തര്‍ പറത്തിയ വിമാനം അപകടത്തില്‍ പെട്ടത്.
ലാന്റിങ്ങിനിടെ ഗ്വാളിയോര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ സ്ഥാപിച്ചിരുന്ന തടസം തിരിച്ചറിയാനാവാതെ ഇടിച്ചാണ് വിമാനം തകര്‍ന്നത്. അതേസമയം ഇങ്ങനെയൊരു തടസത്തെക്കുറിച്ച് എയര്‍ ട്രാഫിക് കണ്ട്രോളര് അറിയിച്ചിരുന്നില്ലെന്നാണ് പൈലറ്റിന്റെ എതിര്‍വാദം.
27 വര്‍ഷം വിമാനം പറത്തി പരിചയമുള്ള തനിക്ക് ബ്ലാക്ക് ബോക്സിലെ വിവരങ്ങള്‍ പൂര്‍ണമായി കൈമാറാനും ഗ്വാളിയോര്‍ ATC തയ്യാറായില്ലെന്നും മജീദ് അക്തര്‍ ആരോപിക്കുന്നു.
മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനം 2021 മെയ് ആറിനായിരുന്നു ഗ്വാളിയോര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ അപകടത്തില്‍ പെട്ടത്. ബീച്ച് ക്രാഫ്റ്റ് കിങ് എയര്‍ ബി 250 ജിടി വിഭാഗത്തില്‍ പെട്ട വിമാനം 2019ല്‍ 65 കോടി രൂപയ്ക്കാണ് മധ്യപ്രദേശ് സര്‍ക്കാര്‍ വാങ്ങുന്നത്. മറ്റു സ്വകാര്യ ഓപറേറ്റര്‍മാര്‍ക്ക് വിമാനം നല്‍കാമെന്ന പേരില്‍ 25 കോടി രൂപ വേറെയും മധ്യപ്രദേശ് സര്‍ക്കാര്‍ വാടകയായി ഈടാക്കിയിരുന്നു. ഇതും വിമാനം തകര്‍ന്നതോടെ തിരിച്ചു നല്‍കേണ്ട അവസ്ഥയാണ്. ഇതൊക്കെ ചേര്‍ത്താണ് സര്‍ക്കാരിനുണ്ടായ നഷ്ടം പൈലറ്റ് നികത്തണമെന്ന നിലപാടിലേക്ക് അധികൃതര്‍ എത്തിയിരിക്കുന്നത്.
അഹമ്മദാബാദില്‍ നിന്നും 71 പെട്ടി റംഡെസിവിര്‍ കോവിഡ് രക്ഷാമരുന്നുമായി ഗ്വാളിയോറിലേക്ക് പറന്നതായിരുന്നു ബീച്ച് ക്രാഫ്റ്റ് കിങ് എയര്‍ ബി 250ജിടി വിമാനം. റണ്‍വേയിലെ അറെസ്റ്റര്‍ ബാരിയറില്‍ ഇടിക്കുമ്പോള്‍ മൂന്നു പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റ് ക്യാപ്റ്റന്‍ മജീദ് അക്തറിന് പുറമേ സഹപൈലറ്റ് ശിവ് ജെയ്സ്വാള്‍, തഹസില്‍ദാര്‍ ദിലീപ് ദ്വിവേദി എന്നിവര്‍ക്കും അപകടത്തില്‍ നിസാര പരുക്കുകള്‍ പറ്റി.
അപകടത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(DGCA) ക്യാപ്റ്റന്‍ മജീദ് അക്തറിന്റെ പൈലറ്റ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു. ‘താഴ്ന്ന് പറന്നതിനാലാണ് റണ്‍വേയില്‍ എത്തും മുമ്പേ പൈലറ്റിന് റണ്‍വേയിലെ തടസം ശ്രദ്ധയില്‍ പെടാതിരുന്നത്’ എന്ന് ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണവും നടത്തുന്നുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് വിമാനം പറത്തിയതെന്ന ഗുരുതരമായ ആരോപണവുമുണ്ട്. നിയമപരമായി തെറ്റായ ഇക്കാര്യം എങ്ങനെയാണ് അനുവദിച്ചതെന്ന ചോദ്യത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുമില്ല.
ഇന്‍ഷുറന്‍സ് യഥാസമയം പുതുക്കിയിരുന്നെങ്കില്‍ വിമാനം അപകടത്തില്‍ പെട്ട് തകര്‍ന്നാലും നഷ്ടം പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. അപകടത്തില്‍ പെട്ട വിമാനത്തിന്റെ കോക്പിറ്റിന്റെ മുന്‍ഭാഗവും പ്രൊപ്പെല്ലര്‍ ബ്ലേഡുകളും പ്രൊപ്പെല്ലര്‍ ഹബും ടയറും അടക്കം തകര്‍ന്നിരുന്നു.
Discussion about this post