ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്
ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിലൂടെ. ഏഴ് പതിറ്റാണ്ട് കാലം തലമുറകളെ തന്റെ മാസ്മരിക ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതല്‍ ദീപിക പദുകോണ്‍ വരെയുള്ളവര്‍ക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്‌കറാണ് ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ച ഗായിക. ഇന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും- അതാണ് ലതാജിയുടെ ശബ്ദം. ഏഴ് പതിറ്റാണ്ട് കാലം ഇന്ത്യക്കാരുടെ പലവിധ വികാരങ്ങളുടെ മധുരനാദം.
ഇന്ത്യന്‍ സിനിമ സംഗീതശാഖയില്‍ പുകള്‍പെറ്റ ഗായകര്‍ ഏറെയുണ്ട്. മുഹമ്മദ് റഫി ആയാലും കിഷോര്‍ കുമാറായാലും മന്നാഡേ ആയാലും മുകേഷ് ആയാലും പകരം അപ്പുറത്ത് ഒരേയൊരു ലത മങ്കേഷ്‌കറേ ഉണ്ടായിരുന്നുള്ളു.
ലോകത്തിലെ ഏതെങ്കിലും റേഡിയോ നിലയത്തില്‍ നിന്ന് ഒഴുകി വരുന്ന ഒരു ലതാ മങ്കേഷ്‌കര്‍ ഗാനം ഏതു സമയത്തും ഈ അന്തരീക്ഷത്തെ മുഖരിതമാക്കുന്നുണ്ടെന്ന് കണ്ടെത്തിയ സര്‍വേകളുണ്ടായിരുന്നു. അരലക്ഷത്തിലധികം പാട്ടുകള്‍ പാടി റെക്കോര്‍ഡ്. ലണ്ടനിലെ ആല്‍ബര്‍്ട് ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ഇതുവരെ റെക്കോര്‍ഡ് ചെയ്തതില്‍ ഏറ്റവും പൂര്‍ണതയുള്ള ശബ്ദമായി രേഖപ്പെടുത്തിയിരിക്കുന്നത് ലത മങ്കേഷ്‌കറുടേതാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ കരയിപ്പിക്കുകയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ആരാധകനാക്കുകയും ചെയ്തതെന്ന പ്രത്യേകതയും ലതാജിയ്ക്ക് സ്വന്തമാണ്. 62ലെ ഇന്ത്യ ചൈന യുദ്ധത്തില്‍ രാജ്യം പരാജയപ്പെട്ടപ്പോള്‍ ലത പാടിയ ഗാനം കേട്ട് നെഹ്‌റു കണ്ണീരണിഞ്ഞു. കശ്മീരിന് പകരം ലതാ മങ്കേഷ്‌കറെ മതിയെന്നായിരുന്നു അന്ന് പാക് പ്രധാനമന്ത്രിയുടെ പ്രശംസ.
റെക്കോര്‍ഡിങ്ങിനെത്തുന്ന ലത മങ്കേഷ്‌കറിന് ചില വിശ്വാസങ്ങളുണ്ട്. പാട്ടു പാടുന്നതിന് മുമ്പ് ഒരു പേപ്പറെടുത്ത് സ്വന്തം കൈപ്പടയില്‍ ശ്രീ എന്ന് പേപ്പറിന് മുകളില്‍ എഴുതിയ ശേഷം പാട്ടിന്റെ വരികള്‍ സ്വന്തം കൈപ്പടയില്‍ കുറിച്ച് വയ്ക്കും. അതു നോക്കിയേ പാടുകയുള്ളു. പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ലത ഹൃദിസ്ഥമാക്കുന്നത്. പിന്നീട് ശാസ്ത്രീയസംഗീതത്തില്‍ ഗുരുവായത് ഉസ്താദ് അമാനത്ത് ഖാന്‍. വിഭജനത്തെ തുടര്‍ന്ന് ഉസ്താദ് രാജ്യം വിട്ടപ്പോള്‍ പകരം എത്തിയത് അമാനത് ഖാന്‍ ദേവാസ്യാലെ ആയിരുന്നു.
1929ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്‌കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ല്‍ 13മത്തെ വയസില്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാല്‍ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദില്‍ മേരാ ദോഡായാണ്. മഹലില്‍ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തേത്.
അയല്‍ രാജ്യത്തെ ഒരു സുഹൃത്ത് അമിതാഭ് ബച്ചനോട് പറഞ്ഞത് നിങ്ങള്‍ക്കുള്ള രണ്ടെണ്ണമൊഴിച്ച് എല്ലാം ഞങ്ങളുടെ രാജ്യത്തുണ്ടെന്നായിരുന്നു… താജ് മഹലും ലതാമങ്കേഷ്‌കറും.
Discussion about this post