ബംഗളൂരു : ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ ക്യാമ്പസില്‍ നിന്ന് വിലക്കിയ സംഭവം ചര്‍ച്ചയായതിന് പിന്നാലെ സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. 1983ലെ കര്‍ണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് നടപടി.
കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കുന്താപ്പുര്‍ ഗവ.പി യു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പെണ്‍കുട്ടികളെ ക്യാമ്പസിന് വെളിയിലാക്കി ഗെയ്റ്റ് പൂട്ടുന്നതും ഇതില്‍ കുട്ടികള്‍ പ്രതിഷേധിക്കുന്നതുമടക്കമുള്ള സംഭവങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സംഭവം വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ ഹിജാബോ കാവി വസ്ത്രമോ ധരിച്ച് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രവേശിക്കുന്നത് പ്രോത്സാഹിപ്പിക്കില്ല എന്ന് പ്രസ്താവനയിറക്കി.
ഇതിന് പിന്നാലെയാണ് സ്‌കൂളുകളിലും സ്വകാര്യ കോളേജുകളിലും യൂണിഫോം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്. യൂണിഫോം ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ ഐക്യവും സമത്വവും ഹനിക്കപ്പെടാത്ത രീതിയില്‍ വസ്ത്രം ധരിച്ചെത്തണം. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമായി കണക്കാക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.ഇത് കൂടാതെ യൂണിഫോമിന്റെ യഥാര്‍ഥ ഉദ്ദേശം എന്തെന്ന് കുട്ടികളെ ബോധവാന്മാരാക്കാന്‍ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലാസ്സുകള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.