ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 1.54 കോടിയുടെ
ആസ്തിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
ഗോരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്നാണ് ആദിത്യനാഥ് ജനവിധി തേടുന്നത്.
കൈവശമുളള പണം, ബാങ്ക് അക്കൗണ്ടിലുള്ള പണം, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടെ 1,54,94,054 രൂപയുടെ വിവരങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 49,000 രൂപ മതിക്കുന്ന 20 ഗ്രാമിന്റെ സ്വര്‍ണക്കടുക്കന്‍, 20,000 രൂപ വിലമതിക്കുന്ന പത്തു ഗ്രാമിന്റെ സ്വര്‍ണമാലയും രുദ്രാക്ഷവും. 12,000 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് താന്‍ ഉപയോഗിക്കുന്നതെന്നും ആദിത്യനാഥ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
1,00,000 രൂപ വിലയുള്ള റിവോള്‍വറും 80,000 വിലയുള്ള റൈഫിളും ആദിത്യനാഥിന്റെ പക്കലുണ്ട്. സ്വന്തം പേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും ആദിത്യനാഥ് പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷം 13,20,653 രൂപ വരുമാനമുണ്ടായിരുന്നെന്നും 2019-20-ല്‍ 18,27,639 രൂപയായിരുന്നു വരുമാനമെന്നും സത്യവാങ്മൂലത്തിലുണ്ട്.
ശാസ്ത്രത്തില്‍ ബിരുദമുണ്ട്. കൃഷിഭൂമിയോ അല്ലാത്തതോ ആയ ഭൂമി ഇല്ലെന്നും ബാധ്യതകളില്ലെന്നും ആദിത്യനാഥ് വ്യക്തമാക്കുന്നു. ഗോരഖ്പൂരില്‍ നിന്ന് അഞ്ച് തവണ എംപിയായ യോഗി ആദിത്യനാഥ് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശ്രദ്ധേയമാണ്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ഗൊരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ മാര്‍ച്ച് മൂന്നിന് വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും