നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ മോഷ്ടിച്ച് വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ന്യൂനപക്ഷ മോർച്ച തമിഴ്‌നാട് രാമനാഥപുരം ജില്ലാ സെക്രട്ടറി അലക്‌സാണ്ടറാണു നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളുമായി പിടിയിലായത്. ഇയാളുടെ സംഘത്തിൽപെട്ട രണ്ടു പോലീസുകാരുൾപ്പെടെ മൂന്നുപേരും അറസ്റ്റിലായി.
ക്ഷേത്ര മോഷണങ്ങൾ അന്വേഷിക്കുന്ന പോലീസിന്റെ ഐഡൽ തെഫ്റ്റ് വിങിന്റെ മധുര ഓഫിസിൽ കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരമാണു ബി.ജെ.പി നേതാവിന്റെ യഥാർഥ മുഖം വെളിച്ചത്തായത്. ഇതോടെ നേതാവിന്റെ മുഖം കണ്ട് അമ്പരന്നിരിക്കുകയാണ് ബിജെപി നേതൃത്വവും. ന്യൂനപക്ഷ മോർച്ച രാമനാഥപുരം ജില്ലാസെക്രട്ടറി അലക്‌സാണ്ടർ പുരാതന വിഗ്രങ്ങൾ വിൽക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു വിവരം.
ആവശ്യക്കാരെന്ന വ്യാജേനെ അലക്‌സാണ്ടറുമായി പോലീസ് ബന്ധം സ്ഥാപിച്ചു. അഞ്ചുകോടി രൂപയ്ക്കു ഇടപാട് ഉറപ്പിച്ച് സേനാംഗങ്ങൾ അലക്‌സാണ്ടറിന്റെ വീട്ടിലെത്തി. ഏഴുവിഗ്രങ്ങൾ കണ്ട് ബോധ്യപ്പെട്ടതിനു പിറകെ ബിജെപി നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അലക്‌സാണ്ടറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിരുദുനഗർ അറുപ്പുകോട്ടയിലെ പോലീസുകാരൻ ഇളംകുമരൻ, ഡിണ്ടിഗലിലെ സായുധ പോലീസ് ഉദ്യോഗസ്ഥൻ നാഗനരേന്ദ്രൻ, സഹായി കറുപ്പുസാമി എന്നിവർ കൂടി അറസ്റ്റിലായത്.
അലക്‌സാണ്ടറിനു വിഗ്രങ്ങൾ നൽകിയത് ഈസംഘമാണ്. നാലു കൊല്ലം മുൻപ് സേലം എടപ്പാടിയിലെ ഒരു കവർച്ചാ സംഘത്തിൽ നിന്നു പോലീസുകാർ ചമഞ്ഞ് തട്ടിയെടുത്താണ് വിഗ്രങ്ങളെന്നു സ്ഥിരീകരിച്ചു. പൊലീസുകാരായ ഇളംകുമരനും, നാഗനരേന്ദ്രനും ഉൾപ്പെട്ട സംഘമായിരുന്നു വിഗ്രഹങ്ങൾ തട്ടിയെടുത്തത്. ഈസംഘത്തിലെ രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ഏതു ക്ഷേത്രങ്ങളിൽ നിന്നു മോഷ്ടിച്ചതാണ് വിഗ്രങ്ങളെന്നു തിരിച്ചറിയുന്നതിനായി അന്വേഷണം നടത്തി വരികയാണ്.