ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഭക്ഷണം കറക്ട് സമയത്ത് വീട്ടിലെത്തിക്കാൻ മാത്രമല്ല, ഒരു ജീവൻ രക്ഷിക്കാൻ കൃത്യമായി ആശുപത്രിയിലെത്തിക്കാനും കഴിയുമെന്ന് കാണിച്ചിരിക്കുകയാണ് സ്വിഗ്ഗി ഡെലിവറി ബോയി. മൃണാൽ കിർദാത്ത് എന്ന സ്വിഗ്ഗി ജീവനക്കാരനാണ് മുൻ സൈനികന്റെ ജീവൻ രക്ഷിച്ചത്.
ആഴ്ചകളോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം ഈ സംഭവത്തെ കുറിച്ച് അന്ന് മൃണാൾ ആശുപത്രിയിലെത്തിച്ച റിട്ട. കേണൽ മൻ മോഹൻ മാലിക് തയ്യാറാക്കിയ കുറിപ്പ് സ്വിഗ്ഗി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോഴാണ് ഡെലിവറി ബോയിയുടെ ഇടപെടൽ ലോകം അറിഞ്ഞത്.
സംഭവം ഇങ്ങനെ;
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന മാലികിനെ അദ്ദേഹത്തിന്റെ മകൻ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ക്രിസ്മസ് ആഘോഷത്തിരക്ക് കാരണം ഇവരുടെ കാർ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി. ജീവനോട് മല്ലിട്ടുകിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാനാവാതെ മകൻ ആകെ ഭയപ്പെട്ടു. കാർ ഒരടിമുന്നോട്ടെടുക്കാൻ കഴിയാത്തതിനാൽ അതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾക്ക് നേരെ കൈ നീട്ടുകയും പിതാവിനെ ആശുപത്രിയിലെത്തിക്കാനും മകൻ അഭ്യർത്ഥിച്ചു.
എന്നാൽ ആരും തന്നെ വാഹനം നിർത്താനോ സഹായിക്കാനോ തയ്യാറായില്ല. ആ സമയത്താണ് ദൈവ ദൂതനെ പോലെ മൃണാൽ കിർദാത്ത് അവിടേക്കെത്തിയത്. ഒട്ടും ആലോചിക്കാതെ അയാൾ കേണലിനെ തന്റെ ഇരുചക്രവാഹനത്തിന് പിറകിലിരുത്തി ആശുപത്രിയിലേക്ക് കുതിച്ചു. മുന്നിലുള്ള വാഹനങ്ങളോട് മാറാൻ വേണ്ടി അവൻ അലറുന്നുണ്ടായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുകയും തനിക്ക് എത്രയും വേഗം വേണ്ടചികിത്സ നൽകാനും ആ പയ്യൻ ആവശ്യപ്പെട്ടതായും കേണൽ ഓർക്കുന്നു.
ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നു. എനിക്ക് പുതിയ ജീവിതം തന്നെ ആ ചെറുപ്പക്കാരനെ കുറിച്ചാണ് ഞാൻ ഇപ്പോഴും ചിന്തിക്കുന്നത്. അവനാണ് എന്റെ യഥാർത്ഥ രക്ഷകൻ. അവൻ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും എന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങാൻ കഴിയില്ലായിരുന്നെന്ന് കേണൽ പറയുന്നു.