പോണ്ടിച്ചേരി: മകൾക്കൊപ്പം പഠിച്ച് പരീക്ഷയെഴുതി പരിശീലനം നേടിയ പിതാവ് എംബിബിഎസ് പഠനത്തിന് ഒരുങ്ങുന്നു. ഒരേ ദിവസം നീറ്റ് പരീക്ഷയെഴുതിയ അച്ഛൻ ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ. മുരുഗയ്യൻ (54), മകൾ ആർ.എം.ശീതൾ (18) എന്നിവർക്കാണ് എംബിബിഎസ് പ്രവേശനം ഒരുമിച്ച് ലഭിച്ചത്.
മുരുഗയ്യൻ ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളേജിലും മകൾ ശീതൾ പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളേജിലുമാണ് പ്രവേശനം നേടിയത്. കഴിഞ്ഞ ദിവസം വന്ന അലോർട്ട്‌മെന്റിലാണ് ഇരുവർക്കും പ്രവേശനം ലഭിച്ചത്. മുരുഗയ്യൻ എൻജിനീയറിങ്, നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങളും നേടിയിട്ടുണ്ട്. ചെറുപ്പത്തിൽ ഡോക്ടറാകാൻ ആഗ്രഹം ഉണ്ടായിരുന്നതായി മുരുഗയ്യൻ പറഞ്ഞു.
ആ ആഗ്രഹമാണ് ഇന്ന് നിറവേറുന്നത്. വീട്ടുകാരുടെ നിർബന്ധത്താലാണ് എംബിബിഎസ് മോഹം ഉപേക്ഷിച്ച് എൻജിനീയറായത്. ഉയർന്ന പ്രായപരിധി നിബന്ധനയില്ലാതെ ആർക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെ മുരുഗയ്യന്റെ ആഗ്രഹത്തിന് വീണ്ടും മൊട്ടിട്ടു.
റിഫൈനറിയിലെ ജോലി കഴിഞ്ഞു വന്ന ശേഷമാണ് മകളോടൊപ്പം മുരുഗയ്യൻ നീറ്റ് പരീക്ഷയ്ക്കു പഠിച്ചത്. ഭാര്യ മാലതി പൂർണ പിന്തുണ നൽകി. തഞ്ചാവൂർ സ്വദേശിയായ മുരുഗയ്യൻ 31 വർഷമായി കേരളത്തിലുണ്ട്. 21 വർഷമായി തൃപ്പൂണിത്തുറ തെക്കുംഭാഗം മാലതി നിലയത്തിലാണ് താമസം. അടുത്ത അലോട്മെന്റ് കൂടി നോക്കിയ ശേഷമേ ഏതു കോളജിൽ ചേരണമെന്നു തീരുമാനിക്കൂവെന്നും മുരുഗയ്യൻ പറയുന്നു.
Discussion about this post