കേശവപുർ: ഉത്തർപ്രദേശിലെ കർഷകന്റെ വിജയഗാഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. കേശവപുരിലെ സഭാപതി ശുക്ലയെന്ന വയോധികനായ കരിമ്പ് കർഷകൻ അപ്രതീക്ഷിതമായി നടത്തിയ ഒരു നീക്കം അദ്ദേഹത്തിന്റെയും ഗ്രാമവാസികളുടെയും ജീവിതം മാറ്റിമറിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ തന്നെ പിന്നോക്ക് കർഷക ഗ്രാമങ്ങളിലൊന്നാണ് കേശവപുർ. ഇവിടെ നിന്നും തൊഴിൽരഹിതരായ യുവാക്കൾ ജോലിക്കായി പട്ടണത്തിലേക്ക് കുടിയേറുകയാണ് പതിവ്. സഭാപതിയുടെ ചെറുപ്പക്കാലം തൊട്ടേ ഗ്രാമത്തിൽ ആകെയുള്ള തൊഴിൽ കൃഷിപ്പണി മാത്രമായിരുന്നു. വൈകാതെ കുടംബസ്ഥനായതോടെ സഭാപതിയും കൃഷിപ്പണികൾ തുടങ്ങി. ഗ്രാമത്തിലെ ബാങ്കിൽ നിന്നും ലോണെടുത്തായിരുന്നു സഭാപതി കൃഷി തുടങ്ങിയത്.
ആദ്യമൊക്കം വലിയ കുഴപ്പമില്ലാതെ കൃഷി മുന്നോട്ട് പോയെങ്കിലും വൈകാതെ കൃഷി വൻനഷ്ടമായി തുടങ്ങി. പ്രായം ചെല്ലുംതോറും കരിമ്പ് തോട്ടം ഈ കർഷകനും ഒരു ബാധ്യതയായി. അങ്ങനെ അദ്ദേഹം ഒരു വർഷത്തിൽ ചെയ്ത കൃഷി വൻനഷ്ടമായതോടെ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കരിമ്പ് പാടം കത്തിച്ച് മറ്റ് എന്തെങ്കിലും തൊഴിൽ തേടാനായിരുന്ന സഭാപതി ആഗ്രഹിച്ചത്.
എന്നാൽ അദ്ദേഹത്തിനെ ഭാര്യ ശകുന്തളാ ദേവി ആശ്വസിപ്പിച്ചു. സഭാപതിയുടെ വഴി കൃഷിയുടേത് തന്നെയാണെന്ന് ശകുന്തളാ ദേവിക്ക് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വിഷമം പിടിച്ച ഘട്ടത്തിലും കൂടെ നിന്ന ഇവരാണ് ആദ്യമായി കോടികൾ വിലമതിക്കുന്ന ആ ബുദ്ധി സഭാപതിയെ ഉപദേശിച്ചത്.
അന്ന് പക്ഷെ സഭാപതിയുടെ ഭാര്യയും അറിഞ്ഞിരുന്നില്ല, തങ്ങളെ കോടിപതികളാക്കാൻ പോകുന്ന മാർഗ്ഗമാണ് താൻ മുന്നോട്ടുവെച്ചതെന്നും ആ നാടിന്റെ തന്നെ തലവര മാറാൻ പോവുകയാണെന്നും. രാത്രിയിൽ കരിമ്പ് പാടം കത്തിക്കാൻ തുനിഞ്ഞ ഭർത്താവിനോട് കരിമ്പ് കത്തിക്കാൻ വരട്ടെ, അതിന് പകരം അതിന്റെ നീരിൽ നിന്ന് വിനാഗിരി തയ്യാറാക്കി ഗ്രാമവാസികൾക്കിടയിൽ നമുക്കൊന്ന് വിതരണം ചെയ്തു നോക്കാമെന്നായിരുന്നു ഭാര്യ അഭിപ്രായപ്പെട്ടത്.
ഒടുവിൽ പ്രതീക്ഷകളൊന്നുമില്ലാതെ, ഒരു അവസാന ശ്രമമെന്ന നിലയിൽ അദ്ദേഹം കരിമ്പിൽ നിന്ന് വിനാഗിരിയുണ്ടാക്കി കുറച്ചുപേർക്ക് സാംപിളായി നൽകി. എന്നാൽ അദ്ദേഹത്തെയും കുടുംബത്തെയും തന്നെ ഞെട്ടിച്ച് ഗ്രാമവാസികൾക്ക് വിനാഗിരിയുടെ രുചി ഏറെ ഇഷ്ടപ്പെട്ടു. കൂടുതൽ വേണമെന്ന ആവശ്യവുമായി അവർ സഭാപതി ശുക്ലയുടെ അടുത്തെത്തി.
ഇതോടെ വ്യാവസായിക അടിസ്ഥആനത്തിൽ തന്നെ കരിമ്പിൽ നിന്നും വിനാഗിരി ഉണ്ടാക്കാൻ സഭാപതി തീരുമാനിച്ചു. ഈ വിനാഗിരിയുടെ ആദ്യത്തെ ഉപഭോക്താക്കൾ ഗ്രാമീണർ തന്നെയായിരുന്നു. പതിയെ സമീപത്തെ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും സഭാപതിയുടെ കരിമ്പ് വിനാഗിരിയുടെ ഖ്യാതി പടർന്നു. രാപ്പകലില്ലതെ അധ്വാനിച്ച് സഭാപതിയും കുടുംബവും നിർമ്മാണം വർധിപ്പിച്ചു. പതിയെ പതിയെ വിനാഗിരി നിർമ്മാണത്തിനായി യന്ത്രങ്ങളെത്തിച്ചു. ഒടുവിൽ 2003-ൽ ആരംഭിച്ച കരിമ്പ് വിനാഗിരിയെന്ന യാത്ര ഇന്ന് വലിയ വ്യവസായ സ്ഥാപനത്തിലേക്ക് വളർന്നിരിക്കുകയാണ്.
കരിമ്പ് കർഷകർക്കിടയിൽ തന്നെ വലിയ വിപ്ലവമാണ് സഭാപതി കാണിച്ചത്. ഇത്രനാളും പഞ്ചസാരയും ശർക്കരയും മാത്രം ഉൽപ്പദിപ്പിച്ചിരുന്ന കരിമ്പുകൾ ഇന്ന് മധുരമൂറുന്ന വിനാഗിരി നിർമ്മാണത്തിന്റെ ഭാഗമായിരിക്കുന്നു.
സ്വന്തം നാടായ ഉത്തർപ്രദേശിന് പുറമെ ബീഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ഡൽഹി തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും ദശലക്ഷക്കണക്കിന് ലിറ്റർ വിനാഗിരി അദ്ദേഹം വിതരണം ചെയ്യുന്നുണ്ട് ഇന്ന്. കോടിക്കണക്കിന് രൂപയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ബിസിനസിന്റെ വാർഷിക വിറ്റുവരവ്. 200 ലിറ്റർ വിനാഗിരിയിൽ നിന്ന് ഏകദേശം 2000 രൂപയുടെ ലാഭമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. വിനാഗിരിയുടെ വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ കമ്പനി വ്യത്യസ്ത അച്ചാറുകളും ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ സഭാപതിയുടെ ഗ്രാമത്തിൽ നിന്നും തൊഴിൽതേടി പട്ടണങ്ങളിലേക്ക് പോകുന്ന യുവാക്കളെയും കാണാനാകില്ല. ഗ്രാമത്തിലെ എല്ലാ തൊഴിൽരഹിതരായ യുവാക്കൾക്കും അദ്ദേഹം തൊഴിൽ നൽകുന്നുണ്ട്.
ദരിദ്രരായിരുന്ന ഗ്രാമീണർ ഇന്ന് മാന്യമായ ജീവിതം നയിക്കുന്ന ജോലിക്കാരായി മാറി. കൂടാതെ ഫാക്ടറിക്ക് പിന്നിലെ തന്റെ ഭൂമിയിൽ സഭാപതി ഒരു ഡയറി ഫാമും ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കും ഇതിലൂടെ കൂടുതൽ തൊഴിൽ ലഭിക്കുന്നുണ്ട്. സമീപഭാവിയിൽ ഹൈവേയിൽ ഒരു റെസ്റ്റോറന്റ് തുറക്കാനാണ് പദ്ധതി. ഗ്രാമത്തിലെ ചെറിയ ലോകത്തുനിന്നും രാജ്യമൊട്ടാകെ വളർന്ന വലിയ വ്യവസായലോകത്ത് നിൽക്കുമ്പോഴും തന്റെ നാടിന് വേണ്ടി ആത്മാർത്ഥമായി അധ്വാനിക്കാനാണ് സഭാപതിക്ക് ഇഷ്ടം.