ന്യൂഡല്‍ഹി: കാശ്മീരിലെ സിയാച്ചിന്‍ മലനിരകളില്‍ 18,000 അടി ഉയരത്തില്‍ കുടുങ്ങിയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ഇന്ത്യന്‍ സൈന്യം ചരിത്രനേട്ടം കൈവരിച്ചു. 2018 ജനുവരിയില്‍ സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ധ്രുവ് ഹെലികോപ്റ്ററാണ് ഇന്ത്യന്‍ സൈന്യം സുരക്ഷിതമായി ബേസ് ക്യാമ്പിലെത്തിച്ചത്. സുരക്ഷിതമായി നിലത്തിറങ്ങിയെങ്കിലും മഞ്ഞില്‍ കുടുങ്ങിയതിനാല്‍ ഹെലികോപ്റ്റര്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ജൂണ്‍ വരെ ഹെലികോപ്റ്റര്‍ തിരിച്ചെത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു.
സൈന്യത്തിലെ ഒരു സംഘം പൈലറ്റുമാരുടെയും സാങ്കേതികവിദഗ്ധരുടെയും നിശ്ചയദാര്‍ഢ്യവും കഠിനപരിശ്രമവുമാണ് കഴിഞ്ഞ ജൂലായില്‍ വിജയം കണ്ടത്. തകരാര്‍ സംഭവിച്ച ഉപകരണങ്ങള്‍ക്കുപകരം പുതിയത് സ്ഥാപിച്ചശേഷമാണ് ഇവര്‍ ഹെലികോപ്റ്റര്‍ തിരികെയെത്തിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 18000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തായിരുന്നു ഹെലികോപ്റ്റര്‍ കുടുങ്ങിയത്. ഇത്രയും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലനിരകളില്‍ നിന്നാണ് തകരാര്‍ സംഭവിച്ച ഹെലികോപ്റ്റര്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും
പറന്നുയര്‍ന്നത്.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉയരത്തില്‍ സൈനിക ഹെലികോപ്റ്റര്‍ പറത്തുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ സൈന്യത്തിന്റെ ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ ഏകദേശം 23,000 അടി വരെ ഉയരത്തിലാണ് പറക്കുന്നത്. ഇത്തരം ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്ന ഫ്രഞ്ച് സൈന്യം പോലും ഇത്രയും ഉയരത്തില്‍ ഹെലികോപ്റ്ററുകള്‍ പറത്താറില്ല
Discussion about this post