മുംബൈ : വീട്ടുകാര്‍ പഠിക്കാന്‍ പറഞ്ഞ് ബുദ്ധിമുട്ടിച്ചതിന്റെ പേരില്‍ ഒളിച്ചോടിയ പതിനാല് വയസുകാരിയെ മുംബൈയില്‍ കണ്ടെത്തി. വാസയ് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ് പെണ്‍കുട്ടിയെ പോലീസില്‍ ഏല്‍പ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. എന്തെങ്കിലും ജോലി തരപ്പെടുത്തുമോ എന്ന് ചോദിച്ചാണ് വസായ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് കുട്ടി ഡ്രൈവറായ രാജുവിനെ സമീപിച്ചത്. സംശയം തോന്നിയ രാജു പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് വിവരം തിരക്കി. താന്‍ ന്യൂഡല്‍ഹിയില്‍ നിന്നാണെന്നും തനിച്ചാണ് ഇവിടെ എത്തിയതെന്നും കുട്ടി അറിയിച്ചു. കുട്ടിക്ക് പതിനാല് വയസ് മാത്രമാണ് പ്രായമെന്ന് ആധാര്‍ കാര്‍ഡില്‍ കണ്ടയുടന്‍
രാജു പെണ്‍കുട്ടിയെ മണിക്പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
പഠിക്കാന്‍ പറഞ്ഞ് മാതാപിതാക്കള്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ വെള്ളിയാഴ്ച വീട്ടില്‍ നിന്ന് ഓടിപ്പോകുകയായിരുന്നുവെന്ന് കുട്ടി പോലീസിനോട് വ്യക്തമാക്കി. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് സാകേത് പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ കേസ് കൊടുത്തിരുന്നു.ഇവരെ ബന്ധപ്പെട്ടാണ് മുംബൈയിലുള്ളത് കാണാതായ കുട്ടി തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്. വിവരമറിഞ്ഞ മാതാപിതാക്കള്‍ മുംബൈയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോയി. സമയോചിതമായ പ്രവര്‍ത്തിച്ചതിന് രാജുവിനെ പോലീസ് പ്രശംസിച്ചു. ആര്‍മിയിലാണ് കുട്ടിയുടെ പിതാവ്.
Discussion about this post