ന്യൂഡല്‍ഹി : രാജ്യത്ത് വധശിക്ഷ കാത്തു കിടക്കുന്നത് 488 പേരെന്ന് റിപ്പോര്‍ട്ട്. പതിനേഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനല്‍ നിയമ പരിഷ്‌കരണ അഡ്വക്കസി ഗ്രൂപ്പായ പ്രോജക്ട് 39 എ അറിയിച്ചു.
2016 മുതലുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ വധശിക്ഷ കാത്ത് കിടക്കുന്ന വര്‍ഷമാണ് 2021. 2020ലെക്കാള്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് 2021ലെ കണക്കില്‍ ഉണ്ടായിരിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ 2004ലാണ് ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. 563 പേര്‍ക്കായിരുന്നു അന്ന് വധശിക്ഷ ലഭിച്ചിരുന്നത്. ഇതിന് ശേഷം ഇത്രയും പേര്‍ക്ക് ശിക്ഷ വിധിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്.
കോവിഡ് മൂലം കോടതികളുടെ പ്രവര്‍ത്തനം മന്ദഗതിയിലായതാണ് ശിക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി കാരണം 2020ലും 2021ലും അപ്പീല്‍ കോടതികള്‍ പരിമിതമായി മാത്രമായാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട മിക്ക തടവുകാര്‍ക്കും അപ്പീല്‍ നല്‍കാന്‍ സാധിച്ചില്ല. ഇവര്‍ വര്‍ഷാവസാനം വരെ ജയിലില്‍ കഴിയേണ്ടി വന്നു.
രാജ്യത്തുടനീളമുള്ള സെഷന്‍സ് കോടതികള്‍ 2016 മുതല്‍ പ്രതിവര്‍ഷം ശരാശരി 125 വധശിക്ഷകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത്തരം ഓരോ വധശിക്ഷകളിലും സൂഷ്മപരിശോധനയ്ക്ക് ശേഷം സുപ്രീം കോടതി ഒന്നു മാത്രമേ സ്ഥിരീകരിക്കുന്നുള്ളൂ.2021ല്‍ വിചാരണക്കോടതികള്‍ 144 വധശിക്ഷകള്‍ വിധിച്ചിരുന്നു. ഇതേ കാലയളവില്‍ ഹൈക്കോടതികള്‍ 39 അപ്പീലില്‍ മാത്രമാണ് തീരുമാനമെടുത്തത്. 2020ല്‍ 31 അപ്പീലുകള്‍ കോടതി തീര്‍പ്പാക്കി. എന്നാല്‍ 2019ല്‍ 76 അപ്പീലുകളാണ് ഹൈക്കോടതികള്‍ തീര്‍പ്പാക്കിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി വധശിക്ഷയ്ക്ക് മുന്‍ഗണന നല്‍കി 2020ലെ 11 ഉം 2019ലെ 28ഉം അപ്പീലുകള്‍ തീര്‍പ്പാക്കിയപ്പോള്‍ 2021ല്‍ ആറ് കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്.