ന്യൂഡല്‍ഹി : നിയമനങ്ങളില്‍ ഗര്‍ഭിണികളെ വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിച്ച് എസ്ബിഐ. പൊതുവികാരം മാനിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ വ്യക്തമാക്കി.
Press release relating to news items about required fitness standards for recruitment in Bank. Revised instructions about recruitment of Pregnant Women candidates stands withdrawn.@DFS_India pic.twitter.com/QXqn3XSzKF
— State Bank of India (@TheOfficialSBI) January 29, 2022
നിയമനത്തിന് പരിഗണിക്കപ്പെടുന്ന മൂന്ന് മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണികളായ യുവതികള്‍ക്ക് നിയമനത്തില്‍ താല്‍ക്കാലിക അയോഗ്യത നല്‍കുന്നതായിരുന്നു എസ്ബിഐയുടെ പുതിയ സര്‍ക്കുലര്‍. ഗര്‍ഭിണികളായി മൂന്ന് മാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാല് മാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂ എന്ന നിര്‍ദേശമായിരുന്നു ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.
തീരുമാനം വിവാദമാവുകയും ഡല്‍ഹി വനിതാ കമ്മീഷനടക്കം വിഷയത്തിലിടപെടുകയും ചെയ്തതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിതാ കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഗര്‍ഭിണികള്‍ക്ക് നിയമനത്തിലും സ്ഥാനക്കറ്റത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന എസ്ബിഐയില്‍ ഏറെക്കാലത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് 2009ലാണ് മാറ്റം വന്നത്. ഇത് വീണ്ടും ഏര്‍പ്പെടുത്താനുള്ള നീക്കമാണ് എസ്ബിഐ നടത്തുന്നതെന്നായിരുന്നു പലരുടെയും ആരോപണം.
Discussion about this post