ന്യൂഡല്‍ഹി : ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഇന്ത്യ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017ല്‍ 200 കോടി ഡോളര്‍ പ്രതിരോധ ഇടപാടിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയര്‍ വാങ്ങിയത്. 2017 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു തീരുമാനം.
ലോകത്തിലെ പല സര്‍ക്കാരുകള്‍ക്കും ഇസ്രയേല്‍ പെഗാസസ് വിറ്റതായാണ് വിവരം. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും പെഗാസസ് വാങ്ങിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ ആഗോള തലത്തില്‍ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും മെക്‌സിക്കോ, സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പത്രപ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
മിസൈല്‍ സംവിധാനത്തിനൊപ്പമാണ് ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും പെഗാസസ് വാങ്ങി. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ദി വയര്‍ നടത്തിയ അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയക്കാരുടെയും നാല്പ്പതിലധികം മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ്സ് ഇടപാടുമില്ലെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഈ വാദമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയിരിക്കുന്നത്.