ചെന്നൈ: 61-ാം വയസിൽ എംബിബിഎസ് റാങ്ക് പട്ടികയിൽ ഇടംനേടിയിട്ടും സീറ്റ് ഉറപ്പായിട്ടും പുതുതലമുറയ്ക്ക് വേണ്ടി വിട്ടകൊടുത്ത് മുൻ അധ്യാപകൻ. തന്റെ മകന്റെ ആവശ്യപ്രകാരമാണ് അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയിട്ടും ധർമപുരി സ്വദേശിയായ കെ. ശിവപ്രകാശം തന്റെ സ്വപ്നം ഉപേക്ഷിച്ചത്. മകൻ മെഡിക്കൽ വിദ്യാർത്ഥിയാണ്.
ചെന്നൈയിലെ ഓമന്തുരാർ ആശുപത്രിയിൽ നടന്ന കൗൺസലിങ്ങിൽ ലഭിച്ച സീറ്റ് ഉപേക്ഷിച്ചാണ് ശിവപ്രകാശം ‘അധ്യാപകനായി’ തന്നെ മടങ്ങിയത്. സർക്കാർ സ്കൂളിൽനിന്ന് അധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു. നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാൽ കഴിഞ്ഞവർഷം പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ കയറി.
സർക്കാർ സ്കൂളിൽ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയിൽ 349-ാം സ്ഥാനം ലഭിച്ചു. ഇതനുസരിച്ച് 437 പേർക്ക് എം.ബി.ബി.എസ്. പ്രവേശനം ഉറപ്പായിരുന്നു. എന്നാൽ, ആ സീറ്റ് വിട്ടുകൊടുത്ത് സർക്കാർ സ്കൂളിൽ പഠിച്ച മറ്റൊരു യുവവിദ്യാർഥിക്ക് അവസരം നൽകണമെന്ന് കന്യാകുമാരി മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന മകൻ ശിവപ്രകാശത്തെ ഉപദേശിച്ചു. ശേഷമാണ് തന്റെ സ്വപ്നം ശിവപ്രകാശം ഉപേക്ഷിച്ചത്.
”മെഡിക്കൽ പ്രവേശനം നേടിയാലും പ്രായാധിക്യം കാരണം പത്തോ ഇരുപതോ വർഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂ. എന്നാൽ, ചെറുപ്പക്കാരായവർക്ക് 50 വർഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാനാകും. വിരമിച്ച ഒരു സർക്കാർ സ്കൂൾ അധ്യാപകൻ എന്നനിലയ്ക്ക് മറ്റൊരു വിദ്യാർഥിയുടെ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. താൻ കാരണം, ഒരു വിദ്യാർഥിക്ക് സീറ്റു ലഭിച്ചല്ലോയെന്ന സന്തോഷത്തിൽ തിരിച്ചുപോകുന്നു.” -ശിവപ്രകാശം പറഞ്ഞു.
Discussion about this post