ലാഹോർ: പബ്ജിക്ക് അടിമയായ 14കാരൻ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തി. അമ്മ, രണ്ട് സഹോദരിമാർ, സഹോദരൻ എന്നിവർക്ക് നേരെയാണ് 14കാരൻ വെടിയുതിർത്തത്. 45കാരിയും ആരോഗ്യപ്രവർത്തകയുമായ നാഹിദ് മുബാറക്, മകൻ തൈമൂർ(22), പെൺമക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഓൺലൈൻ ഗെയിമായ പബ്ജിയുടെ സ്വാധീനത്തെ തുടർന്നാണ് 14കാരൻ കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ലാഹോറിലെ കാൻഹ പ്രദേശത്താണ് ദാരുണ സംഭവം. കഴിഞ്ഞയാഴ്ചയാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 14കാരനായ മകനെയാണ് ജീവനോടെ കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പബ്ജി ഗെയിമിന്റെ സ്വാധീനത്തിൽ ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തുകയായിരുന്നെന്ന് 14കാരൻ പോലീസിനോട് കുറ്റസമ്മതം നടത്തി.
കുട്ടിക്ക് മറ്റ് മാനസിക പ്രശ്നങ്ങളുണ്ടെന്നും മണിക്കൂറുകളോളം ഗെയിം കളിക്കുന്ന സ്വഭാവമുണ്ടെന്നും പോലീസ് പറഞ്ഞു. ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മയുമായി വഴക്കിട്ടിരുന്നു. തുടർന്ന് ഉമ്മയുടെ പിസ്റ്റളെടുത്ത് വെടിവെച്ച് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങിക്കിടക്കുന്ന സഹോദരങ്ങൾക്കെതിരെയും വെടിവെയ്ക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ ഉമ്മയും സഹോദരങ്ങളും കൊല്ലപ്പെട്ട് കിടക്കുകയാണെന്ന് അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു, ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പയ്യൻ കുറ്റം സമ്മതിച്ചത്.
Discussion about this post