ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം കൂടുതലും ലഭിച്ചത് കൊവിഡ് മഹാമാരി കാലത്താണ്. കൊവിഡ് പിടിമുറുക്കുമ്പോഴും കമ്പനിക്ക് നഷ്ടം കുറയാതിരിക്കാനാണ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയത്. എന്നാൽ, കാലം കുറച്ച് കഴിഞ്ഞതോടെ വർക്ക് ഫ്രം ഹോമും വില്ലനായിരിക്കുകയാണ്. പലർക്കും വീട്ടിലിരുന്നുള്ള ജോലി മടുപ്പായി തുടങ്ങി.
ഈ വേളയിൽ വർക്ക് ഫ്രം ഹോമിന്റെ ദുരിതം എത്രത്തോളമാണെന്ന് വെളിപ്പെടുത്തിയ ഒരു വധുവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. വിവാഹവേഷത്തിലിരിക്കുന്ന വധു ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്തുതീർക്കുന്നതാണ് വീഡിയോയിലുള്ളത്. ജോലിസ്ഥലത്തു നിന്ന് തുടർച്ചയായി ഫോൺകോളുകൾ വരുന്നതും വധു അവയ്ക്ക് മറുപടി നൽകുന്നതും വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ ഈ കോളുകൾ വധുവിനെ ഇടയ്ക്ക് അലോസരപ്പെടുത്തുന്നുമുണ്ട്. വധുവായി അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുന്നതിനിടയിലാണ് ഫോൺകോളുകൾ വരുന്നത്. ഇതിനിടെ അസ്വസ്ഥയാവുന്ന വധു ആരെങ്കിലും ഇയാളോട് എന്റെ വിവാഹമാണ് ഇന്ന് എന്നൊന്നു പറഞ്ഞു മനസ്സിലാക്കൂ എന്നും രോഷത്തോടെ പറയുന്നുണ്ട്.
ഒടുവിൽ വധു തന്നെ ഫോണിലുള്ളയാളോട് സാർ, ഇന്നെന്റെ വിവാഹമാണ് എന്നു പറയുന്നതും കേൾക്കാം. വധുവിന്റെ മേക്അപ് ആർട്ടിസ്റ്റായ സാേന കൗർ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.