ന്യൂഡല്‍ഹി : കോവാക്‌സീന്‍, കോവീഷീല്‍ഡ് വാക്‌സീനുകളുടെ പൊതുവിപണിയിലെ വില ഏകീകരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാക്‌സീനുകള്‍ പൊതുവിപണിയിലെത്തിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി കാത്തിരിക്കെയാണ് വില ഏകീകരിക്കുന്നത്.
രണ്ട് വാക്‌സീനുകളുടെയും ഒരു ഡോസിന് 275 രൂപയാണ് കണക്കാക്കുന്നത്. സേവന നിരക്കിനത്തില്‍ 150 രൂപയും നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 205 രൂപയ്ക്കാണ് സര്‍ക്കാര്‍ ഇരു വാക്‌സീനുകളും വാങ്ങുന്നത്. 33 ശതമാനം ലാഭം കൂടി ചേര്‍ത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഒരു ഡോസിന് നിലവില്‍ 1200 രൂപയും കോവിഷീല്‍ഡിന് 780 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സേവന നിരക്കിനത്തില്‍ 150 രൂപ വേറെയുമുണ്ട്.അടുത്തമാസത്തോടെ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിന് മുന്നോടിയായാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് വാക്‌സീന്‍ ലഭ്യമാക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also read : ഭക്ഷണത്തിന് കുട്ടികളെ വില്‍ക്കേണ്ട അവസ്ഥ : അഫ്ഗാന് വേണ്ടി സാമ്പത്തിക സഹായത്തിനപേക്ഷിച്ച് യുഎന്‍
ജനുവരി 19ഓടെ ഇരുവാക്‌സീനുകളും പൊതുവിപണിയില്‍ ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിയോഗിച്ച സമിതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. 300 രൂപയ്ക്ക് താഴെ മരുന്ന് ലഭ്യമാക്കാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകില്ല.