ചെന്നൈ : കേന്ദ്രം അനുമതി നിഷേധിച്ച ടാബ്ലോ ചെന്നൈ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്. ഡല്‍ഹിയിലെ പരേഡില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ടാബ്ലോയാണ് സംസ്ഥാന തലത്തില്‍ പ്രദര്‍ശിപ്പിച്ചത്.
ഗവര്‍ണര്‍ ആര്‍എന്‍ രവി പങ്കെടുത്ത വേദിയിലായിരുന്നു കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം. മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തതോടെ ടാബ്ലോയുടെ പര്യടനം തുടങ്ങി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദംബനാര്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട നിശ്ചലദൃശ്യമായിരുന്നു തമിഴ്‌നാട് ഇത്തവണ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചത്.
കാരണം പോലും പറയാതെ നിശ്ചലദൃശ്യം വെട്ടിയതിലൂടെ തമിഴ്‌നാടിനെ അപമാനിച്ചെന്നാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നിലപാട്. നിശ്ചലദൃശ്യം തമിഴ്‌നാട്ടില്‍ പര്യടനം തുടങ്ങിയിട്ടുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ടാബ്ലോ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശം.