പാലക്കാട് : പത്മഭൂഷണ്‍ നിരസിച്ച പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുന്‍ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കാന്‍ പാടില്ലായിരുന്നുവെന്നും ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കില്‍ ഉളുപ്പില്ലാതെ വാങ്ങിയേനെ എന്നും സന്ദീപ് പരിഹസിച്ചു.
“പത്മ അവാര്‍ഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബ് ഭട്ടാചാര്യ. സുകുമാര്‍ അഴീക്കോടും പത്മ അവാര്‍ഡ് തിരസ്കരിച്ചിട്ടുണ്ട്. പക്ഷേ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുന്‍ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കില്‍ ഉളുപ്പില്ലാതെ വാങ്ങിയേനെ.” സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
പത്മഭൂഷണ്‍ പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുരസ്കാരം ബുദ്ധദേബ് തിരസ്കരിക്കുന്നതായി അറിയിച്ച് അദ്ദേഹത്തിന്റെ പ്രസ്താവന സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തത്. പത്മഭൂഷണ്‍ ലഭിച്ചതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അത്തരമൊരു വാര്‍ത്ത ശരിയാണെങ്കില്‍ താന്‍ പുരസ്കാരം തിരസ്കരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Former Party PB member & WB CM Buddhadeb Bhattacharya had this to say on the Padma Bhushan award announcement.
“I don't know anything about Padman Bhusan award,none has said anything about it. If I have been given Padma Bhushan I refuse to accept it.”— Sitaram Yechury (@SitaramYechury) January 25, 2022
എന്നാല്‍ ബുദ്ധദേബിനെ വിളിച്ചിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സുഖമില്ലാത്തതിനാല്‍ ഭാര്യയാണ് സംസാരിച്ചതെന്നും അദ്ദേഹം പുരസ്കാരം നിരസിക്കുന്നതായി കുടുംബത്തിലെ ആരും അറിയിച്ചിട്ടില്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്കാണ് ഈ വര്‍ഷത്തെ പത്മവിഭൂഷണ്‍ പുരസ്കാരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേര്‍ക്കാണ് പത്മഭൂഷണ്‍. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.
Discussion about this post