ബംഗളൂരു: അമ്മയുടെ സംരക്ഷണത്തിൽ നിന്ന് മോചിപ്പിച്ച് തനിക്ക് ലഭിക്കണമെന്ന ആവശ്യവുമായി പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി കർണാടക ഹൈക്കോടതി തള്ളി. ജി.ആർ.ജയിൻ നൽകിയ ഹർജിയാണ് കോടതി അരലക്ഷം പിഴയിട്ട് തള്ളിയത്. മകൾ അമ്മയുടെ അന്യായമായ കസ്റ്റഡിയിൽ ആണോ? അങ്ങനെയുള്ള കസ്റ്റഡിയിൽ ആണെങ്കിൽ മാത്രമേ ഇങ്ങനെയുള്ള ഹർജിക്ക് നിലനിൽപുള്ളൂ.
അതിനുള്ള തെളിവുകൾ ഇല്ലാത്തതിനാൽ ഹർജി തള്ളുന്നുവെന്ന് പറഞ്ഞ കോടതി അരലക്ഷം പിഴയിടുകയായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജിയുടെ അർത്ഥവും ഗൗരവവും ഭരണഘടനാ പ്രസക്തിയും മനസ്സിലാക്കാതെ നൽകുന്ന ഇത്തരം ഹർജികൾ കോടതി നടപടികളുടെ കടുത്ത ദുരുപയോഗം മാത്രമാണെന്നും കോടതി വിമർശിച്ചു.
ഈ പ്രവണത ഉന്മൂലനം ചെയ്തേ പറ്റൂ. അതുകൊണ്ടാണ് ഹർജിക്കാരന് പിഴ വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യബന്ധം ഉലഞ്ഞു. അതുകൊണ്ടാണ് മകളെ അച്ഛനിൽ നിന്ന് അമ്മ വേർപ്പെടുത്തിയത്. മകൾ അമ്മയുടെ സംരക്ഷണത്തിലാണ്. അതേക്കുറിച്ച് തങ്ങൾക്ക് സംശയമില്ലെന്നും കോടതി പറഞ്ഞു. അച്ഛന് പരാതിയുണ്ടെങ്കിൽ രക്ഷാകർതൃനിയമം അനുസരിച്ചുള്ള ഹർജിയാണ് നൽകേണ്ടത്. അല്ലാതെ മകൾ അമ്മയുടെ അന്യായ കസ്റ്റഡിയിലാണെന്ന് ആരോപിക്കുന്ന ഹേബിയസ് കോർപ്പസ് ഹർജിയല്ല പ്രതിവിധി എന്നും കോടതി വിമർശിച്ചു.
Discussion about this post