മുംബൈ: മക്കൾക്ക് കളിക്കാനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയായ പിതാവിന് ‘ഒറിജിനൽ മഹീന്ദ്ര’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മക്കൾ വേണ്ടി മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹർ നിർമ്മിച്ച വാഹനം വൈറലായത്. വൈകാതെ തന്നെ വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തി.
നിർമ്മാണത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത് ഞങ്ങൾക്ക് നൽകിയാൽ പകരം പുതിയ ബൊലോറ തരാമെന്നും മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ കൃത്യം ഒരുമാസത്തിനുള്ളിൽ താൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വാഹനം ഏറ്റെടുത്ത് പുത്തൻ ബൊലേറൊയാണ് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ഞൻ വാഹനം നിർമിച്ച മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബവും പുതിയ ബൊലോറ കൈപറ്റിയത്.
താൻ നിർമിച്ച വാഹനവുമായാണ് ഭാര്യക്കും മക്കൾക്കുമൊപ്പം ദത്തായത്ര എത്തിയത്. വാഹനം കൈമാറുന്നതും പുത്തൻ പുതിയ മോഡലായ ബൊലോറ കൈപറ്റുന്നതുമായി ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്