അഹമ്മദാബാദ്: സൂറത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 67കാരന്റെ കൈകള്‍
മുംബൈയിലുള്ള 35കാരിയ്ക്ക് അവയവദാനത്തിലൂടെ കൈമാറി പുതിയ ചരിത്രം കുറിച്ച് ആരോഗ്യരംഗം. സൂറത്തിലെ 67കാരനായ കാനു വശ്രംഭായ് പട്ടേലിന്റെ കൈകളാണ് ഇനി മുംബൈ സ്വദേശിനിയ്ക്ക് ആശ്രയമാകുക.
ജനുവരി 18ന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് കാനു വശ്രംഭായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ഇയാള്‍ മരിച്ചതോടെ ബന്ധുക്കള്‍ അവയവദാനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളെ കൗണ്‍സിലിങ് നടത്തിയതിന്റെ ഫലമായി ഇരുകൈകളും കിഡ്നിയും, കരളും, കണ്ണും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതമറിയിച്ചു.
മരണം സംഭവിച്ച് ആറ് -എട്ട് മണിക്കൂറിനുള്ളില്‍ കൈകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നതിനാല്‍ ഇത് മുംബൈ സ്വദേശിനിക്ക് എത്രയും വേഗം എത്തിച്ച് നല്‍കുകയെന്നത് വെല്ലുവിളിയായിരുന്നു.
എന്നാല്‍, സൂറത്തില്‍ നിന്ന് മുംബൈയിലേക്ക് ആകാശമാര്‍ഗം കൈകള്‍ എത്തിച്ചാണ് വെല്ലുവിളി അതിജീവിച്ചത്. ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് കൈകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി.
മുംബൈ ഗ്ലോബല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന 35കാരിയായ യുവതിക്കാണ് കൈകള്‍ വെച്ചുപിടിപ്പിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലക്കിയ തുണി വിരിയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് യുവതിക്ക് കൈകള്‍ നഷ്ടമായത്.
സൂറത്തില്‍ നിന്ന് ഇത് രണ്ടാം തവണയാണ് ‘കൈ’മാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തിലുള്ള 20 ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.