ചെന്നൈ: വിരുന്നിനിടെ നൃത്തം ചെയ്തതിന്റെ പേരിൽ പരസ്യമായി മുഖത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻട്രുത്തിലാണ് സംഭവം. സോഫ്റ്റ് വേർ എൻജിനിയറായ വരനെയാണ് എംഎസ് സിക്കാരിയായ വധു ഉപേക്ഷിച്ചത്. ശേഷം പ്ലസ് ടു വരെ മാത്രം വിദ്യാഭ്യാസമുള്ള ബന്ധുവിനെ വിവാഹം ചെയ്യുകയായിരുന്നു.
ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വേർ എൻജിനിയറായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച നടത്താനാണ് തീരുമാനിച്ചത്. തലേദിവസം ഓഡിറ്റോറിയത്തിൽനടന്ന വിരുന്നിൽ പാട്ടും നൃത്തവുമുണ്ടായിരുന്നു. ആഘോഷത്തിനിടെ വധുവും ബന്ധുവും പാട്ടിനൊത്ത് ചുവടുവെച്ചു. ഇത് ഇഷ്ടപ്പെടാത്ത വരൻ പരസ്യമായി വധുവിന്റെ മുഖത്തടിച്ചു.
തുടർന്ന്, ഇയാളുമായി വിവാഹം വേണ്ടെന്ന് യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു. അതേസമയം, വധുവിന്റെ അച്ഛന്റെ കാലിൽവീണ് വരൻ ക്ഷമാപണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിശ്ചയിച്ച ദിവസംതന്നെ വിവാഹം നടത്താൻ തീരുമാനിച്ച യുവതിയുടെ രക്ഷിതാക്കൾ ബന്ധുവായ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പുതിയ വിവാഹം ഉറപ്പിക്കുകയായിരുന്നു.
Discussion about this post