ഭോപ്പാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോഡി ദൈവത്തിന്റെ അവതാരമെന്ന് മധ്യപ്രദേശ് മന്ത്രി. കോണ്‍ഗ്രസിന്റെ ക്രൂരതകളും രാജ്യത്തിന്റെ നശിച്ചുകൊണ്ടിരിക്കുന്ന തനത് സംസ്കാരവും അഴിമതിയുമൊക്കെ ഉണ്ടാക്കുന്ന നിരാശാജനകമായ അന്തരീക്ഷം ഉന്മൂലനം ചെയ്യാന്‍ പിറവിയെടുത്ത അവതാരമെന്നാണ് മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ കമല്‍ പട്ടേല്‍ മോഡിയെ വിശേഷിപ്പിച്ചത്.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രസ്താവന. “എപ്പോഴൊക്കെ രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവോ അത് പരിഹരിക്കാന്‍ ദൈവം മനുഷ്യ രൂപത്തില്‍ അവതരിക്കുമെന്നാണ് പുരാണങ്ങള്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അഴിമതിയുടെ തുടച്ചുനീക്കലും ജനങ്ങളുടെ ക്ഷേമവുമൊക്കെ നടപ്പിലാക്കാന്‍ ഒരു സാധാരണ മനുഷ്യന് സാധിക്കുമായിരുന്നില്ല. രാവണനെ കൊന്ന് ശ്രീരാമന് രാമരാജ്യം സ്ഥാപിതമാക്കിയ പോലെ, കംസന്റെ ക്രൂരതകള്‍ അവസാനിപ്പിച്ച് ശ്രീകൃഷ്ണന് ജനജീവിതം സ്വസ്ഥമാക്കിയ പോലെ മോഡിയും രാജ്യത്തെ വീണ്ടെടുക്കാന്‍ അവതാരപ്പിറവിയെടുത്ത മനുഷ്യ ജന്മമാണ്. കോണ്‍ഗ്രസിന്റെ ദ്രോഹങ്ങള്‍ വര്‍ധിച്ചപ്പോള്‍ അതിന് അറുതി വരുത്താന്‍ അവതരിച്ചയാളാണ് മോഡി. അദ്ദേഹത്തിന്റെ ഭരണത്തില്‍ ഇന്ത്യ വിശ്വ ഗുരു ആയി മാറുകയാണ്.” പട്ടേല്‍ പറഞ്ഞു.
കഴിഞ്ഞ മാസം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ഇത്തരത്തില്‍ പട്ടേല്‍ വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയുടെ റോബിന് ഹുഡ് എന്നറിയപ്പടുന്ന താന്യാ ഭില്ലിന്റെ അവതാരമാണ് ചൗഹാന് എന്നായിരുന്നു പട്ടേല്‍ അന്ന് പറഞ്ഞത്.
Discussion about this post