ഹൈദരാബാദ്: സംക്രാന്തിയുടെ ഭാഗമായി മൃഗബലി നടത്തുന്നതിനിടെ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂർ വൽസപ്പള്ളിയിലാണ് ദാരുണമായ സംഭവം. വൽസപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കഴുത്തിൽ ദാരുണമായി മുറിവേറ്റ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിയായ ചലാപതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തിൽ മൃഗബലി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആടിന് പകരം ചലാപതി സുരേഷിന്റെ കഴുത്തറുത്തത്.
മൃഗബലികർമത്തിനായി ആടിനെ പിടിച്ചുനിന്നിരുന്നത് സുരേഷായിരുന്നു. എന്നാൽ മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.
കുത്തേറ്റയുടൻ സുരേഷിന്റെ കഴുത്തിൽനിന്ന് ചോര വാർന്നൊഴുകി. ഉടൻതന്നെ മദനപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post