ന്യൂഡല്‍ഹി: ഭരണത്തിന്റെ അവസാന വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശസന്ദര്‍ശനം നടത്തിയേക്കില്ലെന്ന് സൂചന. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും പ്രധാനമന്ത്രിയുടെ വിദേശയാത്ര ബഹിഷ്കരണം എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 14 തവണയാണ് മോഡി വിദേശസന്ദര്‍ശനം നടത്തിയത്. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ മോഡി ഈ നാലരവര്‍ഷം കൊണ്ട് എത്തിയിരുന്നു. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. തുടര്‍ച്ചയായി മോഡി നടത്തുന്ന വിദേശസന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
അധികാരത്തിലെത്തിയ ശേഷം വിദേശ രാജ്യങ്ങളില്‍ ചുറ്റാനായി മാത്രം മോഡി ചെലവിട്ടത് 2000 കോടി രൂപയാണ്. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി വികെ സിങ് മോദിയുടെ വിദേശ പര്യടന യാത്രകളുടെ ചെലവ് പുറത്തു വിട്ടത്. നേരത്തെ, വിവരാവകാശ നിയമ പ്രകാരമുള്ള മോഡിയുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.
ഇക്കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കായി പ്രചാരണം നയിച്ച മോഡിക്ക് മണ്ഡലങ്ങളില്‍ വലിയ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടിരുന്നു.
Discussion about this post