ലഖ്‌നൗ: യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി പിന്നോക്ക വിഭാഗത്തിൽപ്പെട്ട ജനങ്ങളെ പാർട്ടിയുമായി അടുപ്പിക്കാൻ കൂടുതൽ തന്ത്രവുമായി രംഗത്ത്. ബിജെപി എംഎൽഎമാരുടെ വൻ കൊഴിഞ്ഞുപോക്ക് തലവേദനയാകുന്നതിനിടെയാണ് അനുനയത്തിനായി തന്ത്രങ്ങളുമായി യോഗിയും കൂട്ടരും രംഗത്തെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഒബിസി വിഭാഗത്തിൽനിന്നുള്ള സ്വാമി പ്രസാദ് മൗര്യ രാജി പ്രഖ്യാപിച്ചതും മൂന്നു ദിവസത്തിനിടെ, മൂന്നു മന്ത്രിമാരടക്കം ഒൻപത് ബിജെപി എംഎൽഎമാർ കൊഴിഞ്ഞുപോയതും ബിജെപിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
തുടർന്ന് ദളിത് കുടുംബത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കിട്ട് മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘സാമൂഹിക സൗഹാർദത്തിന്റെ ലക്ഷ്യം ഇനിയും വളരുക എന്നതാണ്. ഇന്ന് ഗോരഖ്പൂരിലെ ജുംഗിയയിലുള്ള അമൃത് ലാൽ ഭാരതിജിയുടെ വീട്ടിൽ ഖിച്ഡി സ്വീകരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. വളരെ നന്ദി ഭാരതിജി.’ -ചിത്രം പങ്കിട്ട് യോഗി കുറിച്ചു.
അതേസമയം യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്നു രാജിവച്ച സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സയ്നി എന്നിവർ സമാജ്വാദി പാർട്ടിയിൽ ചേർന്നു. രാജിവച്ച ബിജെപി എംഎൽഎമാരായ റോഷൻലാൻ വർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശാക്യ, ഭഗവതി സാഗർ എന്നിവരും സമാജ്വാദി അംഗത്വം സ്വീകരിച്ചു.