‘വണക്കം പുതുച്ചേരി’; മോഡിയുടെ വീഡിയോ സംവാദത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

നമോ ആപ്പ് വഴി ബിജെപി പ്രവര്‍ത്തകരുമായിട്ടുള്ള പതിവ് വീഡിയോ സംവാദത്തിനിടെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന ആരോപണമുയര്‍ന്നത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഇടത്തരക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ നികുതി നയത്തെ കുറിച്ചുള്ള ബിജെപി പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്നും പ്രധാനമന്ത്രി തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയെന്ന് ആരോപിച്ചാണ് രാഹുലിന്റെ പ്രതികരണം. നമോ ആപ്പ് വഴി ബിജെപി പ്രവര്‍ത്തകരുമായിട്ടുള്ള പതിവ് വീഡിയോ സംവാദത്തിനിടെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന ആരോപണമുയര്‍ന്നത്.

‘വണക്കം പുതുച്ചേരി, അതിജീവനത്തിനായി പൊരുതുന്ന രാജ്യത്തെ ഇടത്തരക്കാരൊടുള്ള പ്രധാനമന്ത്രിയുടെ മറുപടിയാണത്. വാര്‍ത്താ സമ്മേളനംപോട്ടെ മോഡിക്ക് പോളിംഗ് ബൂത്ത് പ്രവര്‍ത്തകരുടെ യോഗത്തില്‍പോലും സംബന്ധിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോഡിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. മധ്യവര്‍ഗത്തിനന്റെ ജീവിതപ്രശ്‌നങ്ങള്‍ക്ക് നമോയുടെ ഉത്തരം ‘വണക്കം പുതുച്ചേരി’ എന്നാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഡിസംബര്‍ 19ന് നടന്ന പരിപാടിയില്‍ നിര്‍മല്‍ കുമാര്‍ ജെയ്ന്‍ എന്ന ബിജെപി പ്രവര്‍ത്തകനാണ് ഇടത്തരക്കാരുടെ നികുതി നയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ചത്. ഇടത്തരക്കാരില്‍ നിന്ന് പലരീതിയിലുള്ള നികുതി പിരിച്ചെടുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് അവര്‍ക്ക് ആദായ നികുതിയില്‍ ഇളവ് നല്‍കുകയോ വായ്പകള്‍ക്കായുള്ള നടപടികള്‍ ലളിതവത്കരിക്കുകയോ ചെയ്യുന്നില്ല എന്നായിരുന്നു നിര്‍മല്‍ കുമാര്‍ ജെയ്നിന്റെ ചോദ്യം. ഇടത്തരക്കാരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ഇദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

‘നന്ദി നിര്‍മല്‍ജി, താങ്കള്‍ ഒരു വ്യാപാരിയാണ്. അതിനാല്‍ തന്നെ താങ്കള്‍ വ്യാപാരത്തെ കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികമാണ്. സാധാരണക്കാരെ സംരക്ഷിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. അവര്‍ സംരക്ഷിക്കപ്പെടും’- ഇത്രയും പറഞ്ഞ് നിര്‍ത്തിയ മോഡി ഉടന്‍ പുതുച്ചേരിയിലെ പ്രവര്‍ത്തകരെ ‘വണക്കം പുതുച്ചേരി’ എന്ന് അഭിവാദ്യം ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2014ല്‍ അധികാരത്തില്‍ എത്തിയ കാലം മുതല്‍ മോഡി മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയക്കുകയാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്തെ നിരവധി പ്രശ്നങ്ങളോട് മോദി നിശബ്ദത തുടരുകയാണെന്ന് കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആരോപിച്ചിരുന്നു.

Exit mobile version