“താനും തന്റെ മക്കളുമെല്ലാം ചത്തുപോകും” : ഹരിദ്വാര്‍ വിദ്വേഷപ്രസംഗ കേസിലെ പ്രതി നരസിംഹാനന്ദ് പോലീസിനോട്

ഹരിദ്വാര്‍ : ഹരിദ്വാര്‍ വിദ്വേഷപ്രസംഗത്തില്‍ കേസെടുത്ത പോലീസിന് ഭീഷണിയുമായി പരിപാടിയുടെ മുഖ്യസംഘാടനകനായ യതി നരസിംഹാനന്ദ്. ഈയിടെ ഹിന്ദുമതം സ്വീകരിച്ച യുപി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി എന്ന ജിതേന്ദ്ര ത്യാഗിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നരസിംഹാനന്ദന്റെ ഭീഷണിയും ശാപവാക്കുകളും.

ഹരിദ്വാറിലെ ഹിന്ദുമത സമ്മേളനത്തില്‍ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തുകൊണ്ടുള്ള വിദ്വേഷ പ്രസംഗ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന ആദ്യത്തെയാളാണ്‌ ത്യാഗി. നരസിംഹാനന്ദിനും കേസിലെ മറ്റൊരു പ്രതിയായ സാദ്വി അന്നപൂര്‍ണയ്ക്കും സംഭവത്തെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് സമന്‍സ് അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് എത്തിയതോടെയായിരുന്നു നരസിംഹാനന്ദിന്റെ വക നാടകീയ രംഗങ്ങള്‍.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാറിലിരിക്കുന്ന നരസിംഹാനന്ദിനോട് അന്വേഷണവുമായി സഹകരിക്കണമെന്ന് പോലീസ് പറയുന്നത് കേള്‍ക്കാം. പുറത്തിറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. റിസ്വിയെ അറസ്റ്റ് ചെയ്തതെന്തിനാണെന്നായിരുന്നു നരസിംഹാനന്ദിന്റെ ചോദ്യം. റിസ്വിയ്‌ക്കെതിരെ കേസുണ്ടെന്ന് പോലീസ് അറിയിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും താനും പ്രതിയാണെന്നും റിസ്വി ഒറ്റയ്ക്ക് ചെയ്തതല്ലെന്നുമായി മറുപടി. തങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചാണ് റിസ്വി ഹിന്ദു ആയതെന്നും ഇതിനിടെ സൂചിപ്പിച്ചു.

വീണ്ടും കാറില്‍ നിന്നിറങ്ങാനും അന്വേഷണവുമായി സഹകരികരിക്കാനും പോലീസ് നിര്‍ബന്ധിച്ചതോടെയായിരുന്നു ഭീഷണിയും ശാപവാക്കുകളും. കേസുമായി ബന്ധപ്പെട്ട സാഹചര്യം റിസ്വിക്ക് മനസ്സിലായെന്ന് പോലീസ് അറിയിച്ചെങ്കിലും തനിക്കത് മനസ്സിലാകുന്നില്ലെന്നും എല്ലാത്തിനും ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചാണുണ്ടായിരുന്നതെന്നുമൊക്കെയായിരുന്നു നരസിംഹാനന്ദിന്റെ മറുപടി.

Exit mobile version