അലിഗഡ്: 2013ല്‍ ഉത്തര്‍പ്രദേശിനെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തില്‍ കാണാതായ കൗമാരിയെ അഞ്ചുവര്‍ഷത്തിന് ശേഷം കണ്ടെത്തി. അലിഗഡ് സ്വദേശിയായ 17കാരി ചഞ്ചലിനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ കിട്ടിയത്.
കേദാര്‍നാഥില്‍ 2013ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് മാനസിക വെല്ലുവിളി നേരിടുന്ന ചഞ്ചല്‍ എന്ന 12 കാരിയെ കാണാതായത്. മാതാപിതാക്കള്‍ക്കൊപ്പം കേദാര്‍നാഥിലേക്ക് നടത്തിയ തീര്‍ഥയാത്രയ്ക്കിടെയാണ് ഇവര്‍ പ്രളയത്തില്‍ അകപ്പെട്ടത്. അന്ന് ചഞ്ചലിന്റെ അമ്മ മാത്രമാണ് രക്ഷപ്പെട്ടത്.
പ്രളയത്തില്‍ ചഞ്ചല്‍ മരിച്ചെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ചഞ്ചലിനെ കണ്ടെത്തുകയും ജമ്മുവിലുള്ള ഒരു അനാഥാലയത്തില്‍ എത്തിക്കുകയും ചെയ്തു. വിലാസമോ മാതാപിതാക്കളെക്കുറിച്ചുള്ള വിവരമോ പറയാന്‍ ചഞ്ചലിന് കഴിയാത്തതിനാല്‍ വീട്ടുകാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ചഞ്ചല്‍ അലിഗഡ് എന്ന സ്ഥലത്തെക്കുറിച്ച് പറയാന്‍ ശ്രമിക്കുന്നതായി അവളുടെ പ്രതികരണങ്ങളില്‍നിന്ന് അധികൃതര്‍ക്ക് മനസ്സിലായി. ചഞ്ചലിന്റെ സ്വദേശം അലിഗഡ് ആയിരിക്കാം എന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് അലിഗഡിലെ ജനപ്രതിനിധിയായ സഞ്ജീവ് രാജയുമായി അധികൃതര്‍ ബന്ധപ്പെട്ടു. അദ്ദേഹം അലിഗഡിലെ ‘ചൈല്‍ഡ് ലൈന്‍ അലിഗഡ്’ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ജ്ഞാനേന്ദ്ര മിശ്രയെ വിവരം ധരിപ്പിച്ചു. മിശ്രയാണ് ചഞ്ചലിന്റെ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
മരിച്ചുപോയെന്നുകരുതിയ കൊച്ചുമകളെ വീണ്ടും കാണാന്‍ സാധിച്ചത് അവിശ്വസനീയമാണെന്ന് ചഞ്ചലിന്റെ മുത്തച്ഛന് ഹരീഷ് ചന്ദും മുത്തശ്ശി ശകുന്തളാ ദേവിയും പറയുന്നു. പ്രളയത്തില്‍ കാണാതായ ചഞ്ചലിന്റെ പിതാവിനെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.
Discussion about this post