കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പഠിയ്ക്കുകയും ചെയ്താല്‍ യുപിഎസ്സി പരീക്ഷയൊക്കെ സിമ്പിളായി പമ്പ കടക്കാം, ഇത് പറയുന്നത് നാല് തവണയും പരാജയപ്പെട്ട് അഞ്ചാം തവണ ഐഎഎസ് നേടിയ നൂപുര്‍ ഗോയലാണ്.
ഡല്‍ഹിയിലെ നരേല സ്വദേശിയാണ് നൂപുര്‍ ഗോയല്‍. ഡിഎവി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയ ശേഷം ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദം നേടി. ബി.ടെക്കിന് ശേഷം ഇഗ്നോയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി.
യുപിഎസ്സി പരീക്ഷ എഴുതിയിരുന്ന അമ്മാവനില്‍ നിന്നാണ് നൂപൂരിനും സിവില്‍സര്‍വീസ് മോഹമുദിച്ചത്. നൂപുര്‍ ഗോയലിന്റെ അമ്മാവന് പരീക്ഷ എഴുതിയിരുന്നുവെങ്കിലും വിജയിച്ചില്ലായിരുന്നു.
നൂപുര്‍ 2014ല്‍ ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്സി പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ പാസായി. എന്നാല്‍ അഭിമുഖത്തില്‍ വിജയിച്ചില്ല. രണ്ടാം ശ്രമത്തില്‍ പ്രിലിമിനറി പരീക്ഷ പോലും പാസ്സാകാന്‍ കഴിഞ്ഞില്ല. മൂന്നാമത്തെ ശ്രമത്തില്‍, അവള് വീണ്ടും അഭിമുഖത്തില്‍ എത്തിയെങ്കിലും വിജയിച്ചില്ല. നാലാമത്തെ ശ്രമത്തിലും പരാജയമാണ് നേരിടേണ്ടി വന്നത്.
തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലിക്ക് ചേര്‍ന്നു. ഐഎഎസ് എന്ന സ്വപ്നം മറന്നു കളയാന്‍ നൂപുര്‍ തയ്യാറായിരുന്നില്ല. വീണ്ടും ആത്മവിശ്വാസത്തോടെ പഠിച്ചു, അഖിലേന്ത്യാ തലത്തില്‍ 11ാം റാങ്ക് നേടി ഐഎഎസ് ഓഫീസറാകാനുള്ള സ്വപ്നം പൂര്‍ത്തീകരിക്കുകയും ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ അവസാന ശ്രമം വരെ ഉദ്യോഗാര്‍ത്ഥികള്‍ ഉപേക്ഷിക്കരുതെന്ന് നൂപൂര്‍ വിശ്വസിക്കുന്നു. നിരന്തരം ലക്ഷ്യത്തിലേക്ക് നീങ്ങണം. പ്രിലിമിനറികള്‍ക്ക് മോക്ക് ടെസ്റ്റുകള്‍ വളരെ പ്രധാനമാണ്.
അതേസമയം മെയിന്‍സിന് ഉത്തരം എഴുതുന്നത് പരിശീലിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പഠനസാമഗ്രികള്‍ പരിമിതപ്പെടുത്തുകയും എല്ലാ ദിവസവും പത്രം വായിക്കുകയും വേണം.
Discussion about this post