ഭോപ്പാല്‍: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കാറ്റില്‍പ്പറത്തി കുരങ്ങിന് രാജകീയ സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ച് നാട്ടുകാര്‍. മധ്യപ്രദേശിലെ ദാലുപുരയിലാണ് ഗ്രാമീണര്‍ കുരങ്ങിന് വന്‍ സംസ്‌കാര ചടങ്ങൊരുക്കിയത്. ആയിരക്കണക്കിന് ഗ്രാമീണരാണ് കുരങ്ങിന് യാത്രാമൊഴി പറയാന്‍ തടിച്ചുകൂടിയത്.
ഡിസംബര്‍ 29നാണ് രാജ്ഗഢ് ജില്ലയിലെ ദാലുപുരയില്‍ ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായ കുരങ്ങ് ചത്തത്. ഇതില്‍ ദുഃഖിതരായ ഗ്രാമീണര്‍ ചേര്‍ന്ന് പണം പിരിച്ചാണ് കുരങ്ങിന് രാജകീയ സംസ്‌കാര ചടങ്ങൊരുക്കിയത്. കുരങ്ങിനെ ശവമഞ്ചത്തിലേറ്റി പ്രാര്‍ത്ഥനാ ശ്ലോകങ്ങള്‍ ചൊല്ലിയാണ് സംസ്‌കാരത്തിന് എത്തിച്ചത്. സംസ്‌കാരത്തിന് ശേഷം പ്രത്യേകമൊരുക്കിയ പന്തലില്‍ വന്‍സദ്യയൂട്ടും നടന്നു. പ്രത്യേകം കാര്‍ഡടിച്ച് വിതരണം ചെയ്താണ് ആളുകളെ സദ്യയൂട്ടിലേക്ക് ക്ഷണിച്ചത്.
ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുരങ്ങിന്റെ മരണത്തില്‍ ദുഃഖാചരണമായി ഹരി സിങ് എന്നൊരു യുവാവ് തല മൊട്ടയടിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു ആചാരങ്ങളുടെ ഭാഗമായാണ് മൊട്ടയടിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. രാജ്യത്ത് പലയിടങ്ങളിലും ഹനുമാനുമായി ചേര്‍ത്ത് കുരങ്ങിനെ വിശുദ്ധ ജീവിയായി കരുതുന്നവരുണ്ട്.
ഒമിക്രോണ്‍ ഭീതിക്കിടയില്‍ മധ്യപ്രദേശില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സിആര്‍പിസി 144 പ്രകാരം വലിയ ആള്‍ക്കൂട്ടത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതെല്ലാം അവഗണിച്ചായിരുന്നു ദാലുപുരയില്‍ കുരങ്ങിന് വേണ്ടി നടന്ന സംസ്‌കാര ചടങ്ങ്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാദമായതോടെ ചടങ്ങിന്റെ സംഘാടകരെന്ന് കരുതപ്പെടുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.