ഭോപ്പാല്‍; ലോകം കൊവിഡിനോട് പടപൊരുതാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മുന്‍പോട്ടുപോവുകയാണ്. പുറമെ, കൊവിഡ് വാക്‌സിനും സ്വീകരിക്കുകയാണ്. ഈ വേളയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കാണിക്കുന്നവരും കുറവല്ല. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരും ഇപ്പോഴും രാജ്യത്തിന്റെ പലയിടങ്ങളിലുമുണ്ട്. എന്നാല്‍ ഇപ്പോള്‍ 11 ഡോസ് വാക്‌സിന്‍ സ്വീകരിച്ച 84കാരനാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്.
ബീഹാറിലെ മദേപുര ജില്ലയില്‍ ഒറായി ഗ്രാമവാസിയായ ബ്രഹ്മദേവ് മണ്ഡല്‍ ആണ് 11 വാക്‌സിന്‍ സ്വീകരിച്ചത്. പന്ത്രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോളാണ് പിടിയിലായത്. വാക്സിന്‍ നല്ല ഫലപ്രദമായതുകൊണ്ടാണ് തുടരെ തുടരെ വാക്‌സിന്‍ സ്വീകരിച്ചതെന്ന് മണ്ഡല്‍ പറയുന്നു. വിരമിച്ച തപാല്‍ വകുപ്പ് ജീവനക്കാരനായ മണ്ഡല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിമൂന്നിനാണ് ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത്.
ഫെബ്രുവരി പതിമൂന്നിനും ഡിസംബര്‍ മുപ്പതിനും ഇടയിലായി പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് മണ്ഡല്‍ പതിനൊന്ന് തവണ വാക്‌സിന്‍ സ്വീകരിച്ചത്. താന്‍ വാക്‌സിനെടുത്ത തീയതിയും സമയവും സ്ഥലവും വരെ മറക്കാതെ രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്. വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെ, ഒരാള്‍ തുടര്‍ച്ചയായി ഇത്രയും അധികം വാക്‌സിന്‍ സ്വീകരിച്ചത് വലിയ വിമര്‍ശനത്തിനും വഴിവെച്ചിട്ടുണ്ട്.
ആദ്യത്തെ എട്ട് തവണ മണ്ഡല്‍ സ്വന്തം ആധാര്‍കാര്‍ഡും ഫോണ്‍ നമ്പറും വാക്‌സിന്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചതിനു ശേഷം, ബാക്കി മൂന്ന് തവണ തന്റെ വോട്ടര്‍ ഐഡിയും ഭാര്യയുടെ ഫോണ്‍ നമ്പറുമാണ് ഉപയോഗിച്ചത്. മണ്ഡല്‍ ഇത്രയധികം വാക്‌സിനുകള്‍ എങ്ങനെ സ്വീകരിച്ചു എന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മദേപുര ജില്ല സിവില്‍ സര്‍ജന്‍ അമരേന്ദ്ര പ്രതാപ് ഷാഹി അറിയിച്ചു.