പൂനെ: സ്വന്തം ജീവിതം അനാഥക്കുഞ്ഞുങ്ങള്‍ക്കായി മാറ്റിവെച്ച് അവര്‍ക്കായി പോരാടി, അവര്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്ത 73കാരി സിന്ധു തായ് സപ്കല്‍ അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണത്തിലേയ്ക്ക് നയിച്ചത്.
അനാഥക്കുട്ടികള്‍ക്കായി പോരാടിയ സിന്ധുതായ് അനാഥക്കുട്ടികളുടെ അമ്മ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒന്നരമാസം മുമ്പ് ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ സിന്ധുതായുടെ നില വഷളായിരുന്നു. കഴിഞ്ഞ വര്‍ഷം പത്മശ്രീ പുരസ്‌കാരവും സിന്ധു തായ് നേടിയിരുന്നു. പത്മാ പുരസ്‌കാരത്തിനു പുറമെ 750 ഓളം വലുതും ചെറുതുമായ പുരസ്‌കാരങ്ങളും സിന്ധു തായിക്ക് ലഭിച്ചിട്ടുണ്ട്. പുരസ്‌കാരത്തില്‍ നിന്നു ലഭിക്കുന്ന പണവും അനാഥക്കുട്ടികള്‍ക്ക് ആശ്രയമൊരുക്കാനാണ് സിന്ധുതായ് ചിലവഴിച്ചത്.
ദാരിദ്ര്യത്തിനെതിരെ പടവെട്ടിയാണ് അവര്‍ സാമൂഹിക സേവന രംഗത്തേക്ക് കടന്നു വന്നത്. അനുഭവിച്ച പീഡനങ്ങളും ചെറുതായിരുന്നില്ല. 1948 നവംബര്‍ പതിനാലിന് മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയിലാണ് സിന്ധുതായിയുടെ ജനനം. നാലാം ക്ലാസ്സിലെത്തിയപ്പോഴേക്കും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. 9-ാം വയസില്‍ മുപ്പത്തിരണ്ടുകാരനുമായ വിവാഹം കഴിഞ്ഞതോടെയാണ് ജീവിതം തകിടം മറിഞ്ഞത്. സിന്ധു തായ് മൂന്നു മക്കള്‍ക്ക് ജന്മം നല്‍കി. നാലാമത് ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചത്. ഇതിനിടയില്‍ സിന്ധു തായ് ഗാര്‍ഹിക പീഡനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ അയല്‍വാസികളുടെയും മറ്റും സഹായത്തോടെയാണ് സിന്ധുതായ് മക്കളെ വളര്‍ത്തിയത്. ജീവിതത്തില്‍ നേരിട്ട ഇത്തരം സാഹചര്യങ്ങളാണ് പില്‍ക്കാലത്ത് അനാഥക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെയ്ക്കാന്‍ പ്രേരണയായത്. സിന്ധു തായിയുടെ ജീവിതം ആസ്പദമാക്കി സിനിമയും പുറത്തിറക്കിയിരുന്നു. 2010ല്‍ മീ സിന്ധു തായ് സപ്കല്‍ എന്ന പേരിലാണ് മറാത്തി ചിത്രം പുറത്തിറങ്ങിയത്.