മീററ്റ്: ജിമ്മില്‍ വ്യായാമം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിക്ക് ശിലാസ്ഥാപന ചടങ്ങിനെത്തിയപ്പോഴാണ് ജിംനേഷ്യം സന്ദര്‍ശിച്ചത്. ചടങ്ങിന് ശേഷം സ്ഥലത്തെ പ്രദര്‍ശനം നടന്നുകാണുന്നതിനിടെയായിരുന്നു വ്യായാമം ചെയ്തത്.
വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ട്രോളുകളും സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച തറക്കല്ലിട്ടത്. കായിക സര്‍വകലാശാല മേജര്‍ ധ്യാന്‍ചന്ദിന് സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്.
രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുക മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയില്‍ ലക്ഷ്യമിടുന്നു. ‘വര്‍ഷാരംഭത്തില്‍ മീററ്റ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യുവാക്കള്‍ മറ്റേതൊരു തൊഴില്‍ രംഗത്തെയും പോലെ കായിക രംഗത്തെയും കാണണം. കായിക രംഗത്ത് പ്രത്യാശവെക്കണം. അതാണ് തന്റെ ആഗ്രഹവും സ്വപനവും. യോഗി സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് യുപിയില്‍ ക്രിമിനലുകളുടെയും ഗുണ്ടകളുടേയും ഗെയിമാണ് നടന്നുകൊണ്ടിരുന്നതെ’ന്നും മോഡി കൂട്ടിച്ചേര്‍ത്തു.