കോയമ്പത്തൂര്‍: വാര്‍ദ്ധക്യത്തിലേയ്ക്ക് കടന്ന മാതാപിതാക്കള്‍ ഭാരമാണെന്നും പറഞ്ഞ് അവരെ വൃദ്ധസദനത്തിലേയ്ക്കും മറ്റും തള്ളിവിടുന്ന മക്കള്‍ കുറവല്ല. അവരുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സ്വന്തമാക്കിയ ശേഷം അവരെ പൂട്ടിയിട്ട് മര്‍ദ്ദിച്ച് വെള്ളം പോലും നല്‍കാതെ നരികിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ കോയമ്പത്തൂരില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം നടത്തുന്ന പുലിയകുളത്തെ 40കാരനായ ആര്‍.രമേശ്കുമാറിനെ കുറിച്ച് അറിയണം.
തന്റെ വിടപറഞ്ഞ അച്ഛനും അമ്മയ്ക്കുമായി ക്ഷേത്രം തന്നെ പണിതിരിക്കുകയാണ് ഈ മകന്‍. ഉദുമല്‍പേട്ടയ്ക്കു സമീപം ദീപാലപട്ടി ഗ്രാമത്തിലാണ് തന്റെ മാതാപിതാക്കള്‍ക്കായി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുവരുടെയും അര്‍ധകായ വിഗ്രഹങ്ങളോടെയാണു ക്ഷേത്രം സ്ഥാപിച്ചത്.
രമേശ് കുമാറിന്റെ അച്ഛന്‍ എന്‍.ആര്‍. മാരിമുത്തു, അമ്മ എം.ഭാഗ്യം എന്നിവരുടെ ഓര്‍മയ്ക്കായാണ് ക്ഷേത്രമൊരുക്കിയത്. 2019ല്‍ നിര്‍മാണം പൂര്‍ത്തിയായി. തിരുമുരുകന്‍ പൂണ്ടിയിലാണു വിഗ്രഹങ്ങള്‍ നിര്‍മിച്ചത്. 1991ല്‍, രമേശ് കുമാറിനു 10 വയസ്സുള്ളപ്പോഴാണു മാരിമുത്തു മരിച്ചത്. ഭാഗ്യമാണു മൂത്ത 5 സഹോദരിമാരെയടക്കം വളര്‍ത്തിയത്.
2001ല്‍ ഭാഗ്യവും വിടപറഞ്ഞു. ക്ഷേത്രത്തില്‍ പൂജാരിയെ നിയമിച്ചിട്ടുണ്ട്. കോവിഡ് കാരണം 2020 മുതല്‍ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ 19ന് അന്നദാനമടക്കം വിവിധ പരിപാടികളോടെ ഉത്സവം നടത്തുകയും ചെയ്തു. ഇതോടെയാണ് ക്ഷേത്രം ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടത്.