അവര്‍ തെറ്റ് തിരുത്തി! സവര്‍ണ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചില്ല, പിരിച്ചുവിട്ട പാചകക്കാരിയെ തിരിച്ചെടുത്ത് സ്‌കൂള്‍

ഡെറാഡൂണ്‍: ജാതിയധിക്ഷേപത്തിന്റെ പേരില്‍ പിരിച്ചു വിട്ട ദളിതയായ പാചകക്കാരിയെ തിരിച്ചെടുത്ത് ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂള്‍. പാചകക്കാരി ദളിതയായതിനാല്‍ സവര്‍ണരായ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

ഉത്തരാഖണ്ഡിലെ സുഖിദാംഗിലുള്ള സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. പാചകക്കാരിയായ സുനിതാദേവിയ്‌ക്കെതിരെയായിരുന്നു നടപടി. സവര്‍ണ വിദ്യാര്‍ത്ഥികള്‍ ഇവര്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ ഇവരെ പിരിച്ചു വിട്ടത്.

പാചകക്കാരിയായ സുനിതാദേവിയെ പിരിച്ചു വിട്ടതിന് പിന്നാലെ പൊലീസ് 31 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജാതീയപരമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്‌കൂളിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സുനിതാദേവിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പട്ടികജാതി പട്ടികവകുപ്പ് കമ്മീഷന്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ വ്യാപകമായതിന് പിന്നാലെയാണ് ഇവരെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തെ, സുനിതാദേവിക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതം രംഗത്തെത്തിയിരുന്നു.

Read Also: ജനങ്ങളെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങിയത്; യോഗി ആദിത്യ നാഥ്

‘ഈ സംഭവത്തിന് ശേഷം ജോലി നല്‍കാമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല. പക്ഷേ അങ്ങനെ സ്ഥിരമായുള്ള സര്‍ക്കാര്‍ ജോലി ലഭിക്കുകയാണെങ്കില്‍ ഞാനീ ഉത്തരാഖണ്ഡില്‍ നിന്നു തന്നെ പോകും. പാചകത്തൊഴില്‍ കൊണ്ട് എന്റെ കുട്ടികളെ പഠിപ്പിക്കാനാവില്ലെന്ന് സുനിത പറഞ്ഞതായി ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സുനിത ദേവിയെ പുറത്താക്കിയതിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കവേയാണ് സുനിത ദേവിക്ക് രാജേന്ദ്ര പാല്‍ ഗൗതം ജോലി വാഗ്ദാനം നല്‍കിയത്.

‘ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ദാമി സംഭവത്തില്‍ നടപടി സ്വീകരിച്ച് സുനിതയ്ക്ക് നീതി ഉറപ്പാക്കേണ്ടതാണ്. മാത്രവുമല്ല ഇങ്ങനെയൊരു സംഭവത്തില്‍ അവരോട് മാപ്പ് പറയാനും മുഖ്യമന്ത്രി തയ്യാറാവേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 13 നാണ് 230 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ സുനിത പാചകത്തൊഴിലാളിയായി പ്രവേശിച്ചത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ പിറ്റേന്ന് സുനിത പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ തയ്യാറായില്ല. ഇതായിരുന്നു സംഭവം.

സംഭവം അന്വേഷിച്ച ജില്ലയിലെ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ സുനിതയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അവരെ പുറത്താക്കുകയാണുണ്ടായത്.

എന്നിരുന്നാലും സുനിതയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് 23 വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വന്നിരുന്നു. പുതിയതായി നിയമിച്ച സവര്‍ണ സമുദായത്തില്‍ നിന്നുള്ള പാചകത്തൊഴിലാളി പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ ഇവര്‍ തയ്യാറായുമില്ല.

Exit mobile version